ഏഴംകുളം : അറുകാലിക്കലിൽ ആധുനിക സ്റ്റേഡിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായുള്ള ഏഴംകുളം പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കായിക പ്രേമികൾ. എന്നാൽ കാലാവധി അവസാനിക്കാൻ പോകുന്ന പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം പദ്ധതി യാഥാർത്ഥ്യമാക്കുമോ എന്ന കാര്യത്തിൽ ആശങ്കയുമുണ്ട്. മുമ്പ് പല വാർഡുകളിലും കളിക്കളങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ വീടുകളും മറ്റു കെട്ടിടങ്ങളും പണിതതിനാൽ പൊതുകളിസ്ഥലം ഇല്ലാതായി. കുട്ടികൾക്കും യുവാക്കൾക്കും ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാൻ അറുകാലിക്കൽ സ്റ്റേഡിയം മാത്രമാണ് ആശ്രയം.
എന്നാൽ ഇൗ സ്റ്റേഡിയമാകെ ഇപ്പോൾ കാടുകയറിയും വെള്ളംകെട്ടിയ നിലയിലുമാണ്. സമീപത്തുള്ള ലോഡ്ജിൽ നിന്ന് മലിനജലം സ്റ്റേഡിയത്തിലേക്ക് ഒഴുകി വരുന്നത് സംബന്ധിച്ച് മുമ്പ് മാലിന്യപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. അവധിക്കാലമായതോടെ സ്റ്റേഡിയം വൃത്തിയാക്കണമെന്നാണ് കുട്ടികളുടെ ആവശ്യം.
സൗകര്യങ്ങൾ ഒരുക്കാം
ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട് , ബാസ്കറ്റ്ബോൾ കോർട്ട് ,ക്രിക്കറ്റ് പിച്ച് ,ഫുട്ബോൾ ഗ്രൗണ്ട് , പവലിയൻ ഇവ ഒരുക്കാനുള്ള സ്ഥലസൗകര്യം സ്റ്റേഡിയത്തിലുണ്ട്.
"ബഡ്ജറ്റിൽ 50 ലക്ഷം രൂപ അറുകാലിക്കൽ സ്റ്റേഡിയം നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്.ഡി പി സി അനുമതിക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നവീകരണത്തിന് നടപടികൾ കൈക്കൊള്ളും.
വിനോദ് തുണ്ടത്തിൽ,
ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |