തിരുവല്ല: ശ്രീനാരായണ ഗുരുദേവൻ ഭാവിലോകത്തിന്റെ പ്രവാചകനാണെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കുന്നന്താനം ഗുരുദേവ ക്ഷേത്രത്തിൽ 427-ാമത് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നയിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ വിഭാവനം ചെയ്തത് ജാതിമത ചിന്തകൾക്കതീതമായ ഏകലോക വ്യവസ്ഥിതിയാണ്. അവിടുന്ന് അരുളിച്ചെയ്തു മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം. ലോകത്തുള്ള മുഴുവൻ ആളുകളെയും ഒന്നായി ഐക്യപ്പെടുത്തുന്ന ഒരു വിശ്വമാനവിക തത്വദർശനം ഗുരു പ്രപഞ്ചനം ചെയ്തു. ഒരൊറ്റ ജനത, ഒരൊറ്റ ലോകം, ഒരൊറ്റ നീതി, ഇതാണ് ഗുരുദേവ ദർശനത്തിന്റെ അന്തർധാര എന്ന് പറയാം. ജാതികൊണ്ടും മതംകൊണ്ടും വിഭാഗീയമായ ചിന്താഗതികൾ കൊണ്ടും നട്ടംതിരിയുന്ന ലോകജനതയ്ക്ക് പ്രത്യാശ നൽകുന്നതാണ് ഗുരുദേവന്റെ ദർശനം. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളായ ജാതി, മതം, ദൈവം, ദേശം എന്നിവയുടെ ഏകതയെ വിഭാവനം ചെയ്യാൻ ഗുരുദേവന് സാധിച്ചു. ലോകമിന്ന് ആഗ്രഹിക്കുന്നത് ജാതിയുടെയും മതത്തിന്റെയും വിഭാഗീയ ചിന്തകളുടെയും വേലിക്കെട്ടുകൾ തകർത്തു മനുഷ്യനായി ജീവിക്കാനാണ്. വരാൻപോകുന്ന നൂറ്റാണ്ടുകൾ ദാഹിക്കുന്നത് മനുഷ്യത്വത്തിന് വേണ്ടിയായിരിക്കും. ദൈവമക്കളായ മുഴുവൻ ആളുകളും ആത്‌മസഹോദരങ്ങളാണ്. ശ്രീനാരായണഗുരു ഈ ദർശനത്തെയാണ് പ്രപഞ്ചനം ചെയ്യുന്നത്. ബുദ്ധനും ക്രിസ്തുവും നബിയുമൊക്കെ ഓരോരോ മതങ്ങളുടെ പ്രവാചകന്മാരായി അറിയപ്പെടുമ്പോൾ ശ്രീനാരായണഗുരു മാനവമതത്തിന്റെ മനുഷ്യരെല്ലാം ഒന്ന് എന്ന ഏകലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായി നിലകൊള്ളുകയാണ്. ഗുരുദേവൻ ആത്മോപദേശശതകത്തിലും മറ്റുകൃതികളിലുമെല്ലാം പ്രപഞ്ചനം ചെയ്യുന്നത് ഏകലോക ദർശനമാണ്. ശാസ്ത്രയുഗത്തിൽ ജീവിച്ചിരുന്ന മഹാഗുരു ആധുനികശാസ്ത്രത്തെ ഈ അദ്ധ്യാത്മ ശാസ്ത്രവുമായി സമന്വയിപ്പിച്ചുകൊണ്ട് ഏതൊരു മഹാമനുഷിക്കും സ്വീകാര്യമാകുംവിധം ഒരു വിശ്വോത്തരമായ ദർശനമാണ് പ്രപഞ്ചനം ചെയ്തിട്ടുള്ളത്. ഗുരു എഴുതിയ കൃതികളെല്ലാം ഗുരുവിന്റെ 73 വർഷത്തെ ജീവിതവുമായി ചേർത്തിണക്കിവെച്ച് പഠിക്കുമ്പോൾ, ശ്രീനാരായണഗുരു ലോകത്തെ മുഴുവൻ ഒന്നായിക്കണ്ട വിശ്വമഹാഗുരുവാണ് എന്നുള്ള യാഥാർത്ഥ്യം മനസിലാക്കാൻ സാധിക്കും. ആ വിശ്വദർശനം 21ാം നൂറ്റാണ്ടിന്റെ മാത്രമല്ല, വരാൻപോകുന്ന നൂറ്റാണ്ടുകളുടെയും ദർശനമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാ സന്ദേശം നൽകി. ശാഖാപ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ.എം.പി, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ എന്നിവർ പ്രസംഗിച്ചു.
പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ ഗണപതിഹോമം, തുടർന്ന് വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, 8.30ന് ശതകലശപൂജ, കലശാഭിഷേകം. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 7.30ന് ഭക്തിഗാനസുധ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |