കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന തരത്തിൽ പാചക വാതകത്തിന്റെ ഭീമമായ വില വർദ്ധനവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഉജ്ജ്വല യോചനയിൽ ഗ്യാസ് ലഭിച്ച ദരിദ്രരായവരെ പോലും വിലവർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിൽ ഗണ്യമായ കുറവ് ഉണ്ടായപ്പോൾ ആശ്വാസം ലഭിക്കുമെന്ന് കരുതിയിരുന്നവർക്ക് ഇന്ധന വിലവർദ്ധനവ് കടുത്ത ആഘാതമാണ് നൽകിയത്. ഒരു സിലണ്ടറിന് 50 രൂപയുടെ അധിക നികുതി ഈടാക്കിയത് പകൽക്കൊള്ളയ്ക്ക് സമാനമാണ്. വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ചവരിൽ അധികവും വീട്ടമ്മമാരാണ്.
നീതികരിക്കാൻ കഴിയില്ല
പാചക വാതക വിലവർദ്ധനവ് നീതികരിക്കാൻ കഴിയാത്തതാണ്. നിത്യോപയോഗ സാധനങ്ങളുടെ തീവിലയ്‌ക്കൊപ്പം പാചക വാതകത്തിന്റെ ഭീമമായ വർദ്ധനവ് കുടുംബ ബഡ്ജറ്റ് താളംതെറ്റിക്കും. സാധാരണ ജനങ്ങൾക്ക് ഇപ്പോൾ വരുത്തിയിരിക്കുന്ന വർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.
ബേബി തോമസ്. പുതുക്കുളം, മലയാലപ്പുഴ
മനസിലാണ് തീ ആളുന്നത്
ഓരോ തവണ ഗ്യാസിന്റെ വില ഉയരുമ്പോഴും മനസ്സിലാണ് തീ ആളുന്നത്. വിലവർദ്ധനവ് സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. പണ്ടൊക്കെ ഗ്യാസ് അടുപ്പ് തന്നെപ്പോലുള്ള വീട്ടമ്മമാർക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരുടെ ജീവിതച്ചെലവ് ഇരട്ടിയാക്കി.
മഞ്ചു അനിൽ, കിഴക്കുപുറം
പട്ടിണിയിലാക്കും
ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ് പാചക വാതകത്തിന്റെ ഭീമമായ വില വർദ്ധനവ്. സാധാരണ ജനങ്ങൾ കഞ്ഞികുടിച്ചു പോലും ജീവിക്കരുതെന്നുള്ള മനോഭാവമാണ് ഇതിന് പിന്നിൽ. സാധാരണ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ തെറ്റായ നയം തിരുത്തണം.
ലിംഗമാരി.ആർ, കുമ്പഴ
കടക്കാരാക്കുന്ന വിലവർദ്ധനവ്
മാസം 10,000 ശമ്പളം ലഭിക്കുന്ന കുടുംബത്തിന് ഗ്യാസ് വില കയറ്റം വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗ്യാസിന് മാത്രം ഇനി 1150 രൂപ നൽകണം. പാലും പച്ചക്കറിയും പലവ്യജ്ഞനവും വാങ്ങിക്കഴിഞ്ഞാൽ പിന്നീട് മിച്ചമൊന്നും ഉണ്ടാകില്ല. വീട്ടിൽ ആർക്കെങ്കിലും അസുഖമോ മറ്റ് എന്തെങ്കിലും ആവശ്യമോ ഉണ്ടായാൽ കടംവാങ്ങേണ്ട ഗതികേടാണ്.
സിന്ധു, കുടശ്ശനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |