അടൂർ: മൂന്നാർ കാണാൻ കേരളത്തിലേക്ക് സൈക്കിളിൽ യാത്രതിരിച്ച ബെൽജിയം സ്വദേശി ഇതുവരെ യാത്രചെയ്തത് 17,000 കിലോമീറ്റർ. ബെൽജിയത്തിലെ വെലോനിയ സ്വദേശിയായ സാമുവൽ കോട്ടണാണ് (30) സൈക്കിളിൽ പത്ത് മാസമെടുത്ത് കേരളത്തിലെത്തിയത്. ഇന്റർനെറ്റിൽ മൂന്നാറിന്റെ പ്രത്യേകതകളെക്കുറിച്ച് അറിഞ്ഞാണ് കേരളത്തിലേക്ക് തിരിച്ചതെന്ന് സാമുവൽ കേരളകൗമുദിയോട് പറഞ്ഞു. ഫ്രാൻസ്,ജർമ്മനി,സ്വിസ്റ്റർലാൻഡ്,ക്രൊയേഷ്യ,ബോസ്നിയ,സെർബിയ,റുമേനിയ,ബുൾഗേരിയ,തുർക്കി,ജോർജിയ,ഇറാൻ,പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ഇന്ത്യയിൽ എത്തിയത്. തുടർന്ന് പഞ്ചാബ്,രാജസ്ഥാൻ,ഗോവ,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കേരളത്തിലേക്കും. ഇനി മൂന്നാർ സന്ദർശിച്ച ശേഷം നേപ്പാൾ,വിയറ്റ്നാം,ചൈന,കംബോഡിയ,ഇൻഡോനേഷ്യ,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെത്തി അവിടെ ജോലിചെയ്ത് പണം കണ്ടെത്തിയശേഷം തെക്കേ അമേരിക്കയിലേക്ക് പോയി യാത്ര അവസാനിപ്പിക്കാനാണ് സമുവലിന്റെ തീരുമാനം.
സൈക്കിളിൽ പകൽ യാത്ര ചെയ്ത ശേഷം രാത്രിയിൽ പറ്റുന്ന സ്ഥലത്ത് ടെന്റ് ക്രമീകരിച്ച് ഉറങ്ങിയാണ് സാമുവൽ ഈ യാത്രകളെല്ലാം ചെയ്യുന്നത്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായ സാമുവൽ അവിവാഹിതനാണ്.
അതിമനോഹരമായ നാടാണ് കേരളം. ആദ്യമായാണ് ഇത്രയും വലിയ യാത്ര ചെയ്യുന്നത്. അതും സൈക്കിളിൽ ആയപ്പോൾ കൂടുതൽ മനോഹരമായി.
- സാമുവൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |