വള്ളിക്കോട് : പ്രതിസന്ധികളെ അതിജീവിച്ച് ഇത്തവണ വള്ളിക്കോട് പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്തത് 500 ടൺ നെല്ല്. ഇതിൽ 350 ടൺ സപ്ളൈകോ സംഭരിക്കുകയും ചെയ്തു. മുൻ വർഷങ്ങളിൽ 400മുതൽ 450 ടൺ വരെ നെല്ലാണ് ലഭിച്ചിരുന്നത്. ഇടനിലക്കാരില്ലാതെ സപ്ളൈകോ നെല്ല് സംഭരണം നടത്തിയതിനാൽ ന്യായവില കർഷകർക്ക് നേരിട്ട് ലഭിക്കുകയും ചെയ്യും. കാലംതെറ്റി പെയ്ത മഴയും കത്തിയെരിഞ്ഞ വേനലും പലതവണ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് കർഷകർ വിതച്ചതെല്ലാം നൂറുമേനി വിളവിൽ കൊയ്തെടുത്ത്. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറോളം പാടശേഖരങ്ങളുണ്ട്.
കൈത്താങ്ങായി സപ്ളൈകോ എത്തുന്നത് വള്ളിക്കോട്ടെ നെൽ കർഷകർക്ക് വലിയ ആശ്വാസമാണ്. നേരത്തെ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരായിരുന്ന ഇവർക്ക് മുടക്കുമുതൽ പോലും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് പലരും കൃഷി ഉപേക്ഷിച്ച് പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങായി സപ്ളൈകോ എത്തിയത്. ഇടനിലക്കാരില്ലാതെ ന്യായവില ലഭിക്കുന്നതിനാലും സർക്കാരിന്റെ കൈത്താങ്ങ് ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലും ഇപ്പോൾ കർഷകർ വലിയ ആവേശത്തിലാണ് കൃഷിയിറക്കുന്നത്.
ഇത്തവണ നെൽ കൃഷി നടത്തിയ പാടശേഖരങ്ങൾ..........
1. വേട്ടക്കുളം, 2.നടുവത്തൊടി, 3.കാരുവേലിൽ, 4.തലച്ചേമ്പ്,, 5. കൊല്ലായിൽ, 6..അട്ടത്താഴ, 7. തട്ട.
ആകെ കർഷകർ : 203..
കൃഷി ഇറക്കിയത് : 134 ഹെക്ടറിൽ
ഇത്തവണ ലഭിച്ച നെല്ല് : 500 ടൺ
സപ്ളൈകോ സംഭരിച്ചത് : 350 ടൺ.
കഴിഞ്ഞ കൃഷിക്ക് ലഭിച്ചത് : 480 ടൺ
കഴിഞ്ഞ തവണ സപ്‌ളൈകോ സംഭരിച്ചത് : 400 ടൺ
" നെൽ കർഷകർക്ക് പഞ്ചായത്ത് എല്ലാ പിന്തുണയും സഹായങ്ങളും നൽകുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹകരണവും ലഭിക്കുന്നു . രോഗ പ്രതിരോധ ശേഷിയുള്ള മുന്തിയ ഇനം നെൽ വിത്തുകളാണ് വിതരണം ചെയ്യുന്നത്. കാലം തെറ്റിയെത്തുന്ന മഴയും വെയിലുമാണ് പ്രധാന പ്രതിസന്ധി. ഇതിനെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും. കൃഷിയും ഉല്പാദനവും വർദ്ധിപ്പിക്കും.
ആർ. മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |