കോന്നി : അമ്മയ്ക്കും ഉറ്റവർക്കുമൊപ്പം ആനത്താവളം കാണാനെത്തിയ നാലു വയസുകാരൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വേലിയുടെ കോൺക്രീറ്റ് തൂൺ ഇളകിവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് മലയോരം.
ആനക്കൂടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വിനോദസഞ്ചാരിയായി എത്തിയ കുട്ടി അപകടത്തിൽ മരിക്കുന്നത്. 10 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച വേലിയുടെ കോൺക്രീറ്റ് തൂൺ അപകടകാരണമായത് അധികൃതരുടെ അലംഭാവം മൂലമാണ്.
2007ൽ ആണ് കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ തുടക്കം. ശ്രീ ചിത്തിര തിരുനാൾ സ്ഥാപിച്ച കോന്നിയുടെ പഴയകാല പ്രതാപത്തിന്റെ സ്മാരകമായ ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്കരിച്ച പദ്ധതിയിൽ പിന്നീട് അടവി കുട്ടവഞ്ചി സവാരിയും ഉൾപ്പെടുത്തി. കോന്നി വനം ഡിവിഷന്റെ കീഴിൽ വനവികാസ ഏജൻസികളുടെ സഹകരണത്തോടെ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. മേൽനോട്ടത്തിന് ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസറും മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
കോന്നി ഇക്കോ ടൂറിസം പദ്ധതിയിൽ
ആനക്കൂട്, ആനത്താവളം, ആന മ്യൂസിയം, ഇക്കോ ഷോപ്പ്, കഫേറ്റീരിയ, ഔഷധസസ്യ ഉദ്യാനം, ത്രീഡി ആനിമേഷൻ തിയേറ്റർ, കുട്ടികളുടെ പാർക്ക് എന്നിവ. ദിവസേന 1500ൽ അധികം സന്ദർശകർ ഇവിടെ എത്തുന്നു.
തുടരുന്ന നിയമലംഘനം
1. ആനകളിൽ നിന്ന് നിശ്ചിത അകലത്തിൽ സന്ദർശകരെ നിറുത്തുന്നതിനുള്ള സുരക്ഷാവേലി ഇവിടെ ഇല്ല.
2.ആനയൂട്ട് നടത്തുന്ന സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു നിശ്ചിത അകലത്തിൽ സന്ദർശകരെ നിറുത്തണമെന്ന നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ല.
3.ആനകളെ കുളിപ്പിക്കുന്നത് കാണാൻ സന്ദർശകർ എത്തുമ്പോൾ മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.
4. ആന സവാരിക്കും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
ഡി എഫ് ഒ യും, വൈൽഡ് ലൈഫ് വാർഡനും മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശമുണ്ട്.
5. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിശ്ചിത ഇടവേളകളിൽ സുരക്ഷാ ഓഡിറ്റ് ഉൾപ്പെടെ നടത്തേണ്ടതുണ്ടെങ്കിലും പലപ്പോഴും ഇത്തരം പരിശോധനകൾ കൃത്യമായി നടത്താറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |