കോമളം അനിരുദ്ധനും സി.രാധാകൃഷ്ണനും പുതിയ അംഗങ്ങൾ
പത്തനംതിട്ട: മന്ത്രി വീണാജോർജിനെ സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പരസ്യ പ്രതികരണം നടത്തിയ എ.പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. റാന്നി ഏരിയയിൽ നിന്ന് കോമളം അനിരുദ്ധനെയും അടൂർ ഏരിയയിൽ നിന്ന് സി.രാധാകൃഷ്ണനെയും ഉൾപ്പെടുത്തി. പ്രായപരിധി പിന്നിട്ടതിനെ തുടർന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് മുൻ സെക്രട്ടറി കെ.പി ഉദയഭാനുവിനെയും നിർമ്മലാദേവിയെയും ഒഴിവാക്കിയതിന് പകരമാണ് ഇവരെ ഉൾപ്പെടുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് കോമളം അനിരുദ്ധൻ. കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് സി.രാധാകൃഷ്ണൻ.
കൊല്ലം സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് പത്മകുമാർ ഫേസ് ബുക്ക് പോസ്റ്റിടുകയും നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിരുന്നു. പത്മകുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചിരുന്നു. സംഘടനയ്ക്കുള്ളിൽ പറയേണ്ടത് താൻ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്ന് പത്മകുമാർ പിന്നീട് പ്രതികരിച്ചിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് പരസ്യമായും ജില്ലാ കമ്മിറ്റിയിലും പറഞ്ഞതോടെ കടുത്ത നടപടിയിൽ നിന്ന് ഒഴിവാക്കിയതാണെന്ന് അറിയുന്നു.
പത്മകുമാറിന് പകരം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ഭാരവാഹികളായ , കെ.യു ജനീഷ് കുമാർ എം.എൽ.എ, പി.ബി.സതീഷ് കുമാർ, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു എന്നിവരെ പരിഗണിച്ചതായും സൂചനയുണ്ട്. പത്മകുമാറിനെ വീണ്ടും ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്. തീരുമാനം പിന്നീടുണ്ടാകുമെന്നാണ് പാർട്ടി നേതാക്കൾ പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗളായ തോമസ് ഐസക്ക്, സി.എസ്. സുജാത, പുത്തലത്ത് ദിനേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ : രാജു ഏബ്രാഹാം ടി.ഡി ബൈജു, പി.ആർ. പ്രസാദ്, പി.ബി ഹർഷകുമാർ, ആർ.സനൽകുമാർ, ഒാമല്ലൂർ ശങ്കരൻ, പി.ജെ.അജയകുമാർ, സി.രാധാകൃഷ്ണൻ, കോമളം അനിരുദ്ധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |