പത്തനംതിട്ട : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം ഇന്ന് നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതൽ 12.30 വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിലാണ് യോഗം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കം വിലയിരുത്തി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, വിവര പൊതുജനസമ്പർക്ക വകുപ്പ് മേഖലാ ഡയറക്ടർ കെ.പ്രമോദ് കുമാർ, എ.ഡി.എം ബി.ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി.ജോൺ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, കായിക പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ നേതാക്കൾ തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ, നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രാഹാം, മറ്റു ജനപ്രതിനിധികൾ പങ്കെടുക്കും. എല്ലാജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗമുണ്ട്.
എൽ.ഡി.എഫ് റാലി വൈകിട്ട്,
നഗരത്തിൽ ഗതാഗത നിയന്ത്രണം
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് റാലിയും പൊതുസമ്മേളനവും നടക്കും. സ്വകാര്യ ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവരും പങ്കെടുക്കും.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട്. ഉച്ചയ്ക്ക് രണ്ടിനുശേഷം പുതിയ ബസ് സ്റ്റാന്റിലേക്ക് സ്വകാര്യ ബസുകളുടെ പ്രവേശനമുണ്ടാവില്ല.
സ്വകാര്യ ബസുകൾ പഴയ സ്റ്റാന്റിൽ ആളുകളെ ഇറക്കിയശേഷം യാത്ര തുടരണം.
കെ.എസ്. ആർ.ടി.സി ബസുകൾക്ക് പതിവുപോലെ സർവീസ് നടത്താം. കുമ്പഴയിൽ നിന്നെത്തുന്നവ മൈലപ്ര, ജില്ലാ പൊലീസ് ഓഫീസ് ജംഗ്ഷൻ വഴി കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയശേഷം തിരിച്ച് അതേപാതയിൽ യാത്ര തുടരണം.
അടൂർ, പന്തളം, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, ജനറൽ ആശുപത്രി വഴി പഴയ ബസ് സ്റ്റാന്റിലെത്തി ആളെ ഇറക്കിയശേഷം, സെൻട്രൽ ജംഗ്ഷനിലൂടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി യാത്ര തുടരണം.
റാന്നി,കോന്നി ഭാഗങ്ങളിൽ നിന്നുള്ളവ കുമ്പഴ, മൈലപ്ര, പള്ളിപ്പടി, ജില്ലാ പൊലീസ് ഓഫീസ് ജംഗ്ഷൻ വഴി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി പഴയ സ്റ്റാന്റിൽ ആളെ ഇറക്കുകയും, കെ എസ് ആർ ടി സി, ജില്ലാ പൊലീസ് ഓഫീസ് ജംഗ്ഷൻ വഴി തിരിച്ചുപോകുകയും ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |