ട്രയൽ റൺ വിജയം; ഉദ്ഘാടനം മെയിൽ
തിരുവല്ല : മാംസാഹാര പ്രിയർക്കായി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ആധുനിക അറവുശാല പ്രവർത്തനസജ്ജമായി. കഴിഞ്ഞദിവസം നടന്ന ട്രയൽറൺ വിജയകരമായെന്നും ഉദ്ഘാടനം അടുത്തമാസം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള അറിയിച്ചു.
ജില്ലയിൽ ആദ്യമായാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 1.25കോടി രൂപ ചെലവഴിച്ച് ആധുനിക അറവുശാല സജ്ജമാക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ച ഇവിടെ കശാപ്പ് മുതൽ മാലിന്യസംസ്കണം വരെയുള്ള എല്ലാപ്രക്രിയകളും യന്ത്രങ്ങളുടെ സഹായത്തോടെ നടത്താം. 2011-12 ലാണ് പഞ്ചായത്ത് സ്വകാര്യവ്യക്തിയുടെ സഹായത്തോടെ വള്ളംകുളം മാർക്കറ്റിന് സമീപം ആധുനിക അറവുശാല സ്‌ഥാപിച്ചത്. പഞ്ചായത്ത് 30 ലക്ഷം മുടക്കി അടിസ്‌ഥാന സൗകര്യമൊരുക്കി. പിന്നീട് ജനറേറ്ററിനു ഏഴരലക്ഷവും ഫ്രീസറിന് 20ലക്ഷം രൂപയും അനുവദിച്ചു. അമേരിക്കൻ മലയാളിയായ ജെയിംസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഉരുവിന്റെ നെഞ്ചെല്ല് മുറിക്കാനും നെടുകെയും കുറുകെയും രണ്ടായി മുറിക്കാനും തൊലിമുറിച്ച് ഉരിച്ചെടുക്കാനുമുള്ള യന്ത്രങ്ങൾ അമേരിക്കയിൽ നിന്നെത്തിച്ചു. ബാക്കിയുള്ളവ ചെന്നൈ,കോയമ്പത്തൂർ,ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്നു. പിന്നീട് പലവിധ കാരണങ്ങളാൽ നീണ്ടുപോയ പദ്ധതിയാണ് ഇപ്പോൾ പുനരുജ്ജീവിപ്പിച്ചത്.
പോത്തിനെ ഞൊടിയിടയിൽ ഇറച്ചിയാക്കി
പത്താമുദയത്തിന് രാവിലെ 7.30നു ട്രയൽ റൺ തുടങ്ങി. മുറ ഇനത്തിലുള്ള 400കിലോ തൂക്കമുള്ള പോത്തിനെ 20മിനിറ്റുകൊണ്ട് പൂർണമായും യന്ത്രസഹായത്തോടെ വിൽപനയ്ക്കുള്ള ഇറച്ചിയാക്കി മാറ്റി. കൊല്ലാനുള്ള പോത്തിനെ ആദ്യം വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കി. തുടർന്ന് യന്ത്രത്തിനുള്ളിൽ കയറ്റിയ ഉരുവിനെ അണുനാശിനി ലായനി ഒഴിച്ച് വെള്ളം സ്പ്രേ ചെയ്തു കുളിപ്പിച്ച് ഉണക്കിയെടുത്തു. അതിനുശേഷം മുറിക്കാനുള്ള ബ്ലേഡിനു താഴേക്ക് തലചേർത്തു നിർത്തി. മുറിച്ചപ്പോൾ രക്തം മുഴുവനും പ്രത്യേക പാത്രത്തിൽ ശേഖരിച്ചു. തുടർന്നു മറ്റൊരു യന്ത്രത്തിൽകൂടി തോൽ മുഴുവൻ ഉരിച്ചുമാറ്റി. പിന്നീട് ആന്തരാവയവങ്ങൾ അടക്കം നീക്കംചെയ്തു. വീണ്ടും വെള്ളത്തിൽ വൃത്തിയാക്കിയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു. എല്ലാം ഞൊടിയിടയിൽ പൂർത്തിയായി. ഒരു ദിവസം 15 ഉരുക്കളെ വരെ മാംസമായി മാറ്റിയെടുക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.
പഞ്ചായത്തിന് പ്രതിമാസ വരുമാനം 75000 രൂപ
ആധുനിക അറവുശാലയുടെ പ്രവർത്തനം പൂർണ്ണസജ്ജമാകുന്നതോടെ പഞ്ചായത്തിന് 75,000 രൂപ പ്രതിമാസം വരുമാനമായി ലഭിക്കും. ഇത് വർഷംതോറും വർദ്ധിക്കും.പഞ്ചായത്തുമായുള്ള കരാർ എപ്പോൾ അവസാനിച്ചാലും പ്രവർത്തനസജ്ജമാക്കി അറവുശാല പഞ്ചായത്തിന് തിരികെ കൈമാറാനാണ് വ്യവസ്ഥ. മാലിന്യം വളവും നായ ബിസ്‌ക്കറ്റും കോഴിത്തീറ്റയുമാക്കി മാറ്റാനും ലക്ഷ്യമിടുന്നു.
.........
ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂർ മീറ്റ്‌സ് എന്ന ലേബലിൽ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കെ.ബി. ശശിധരൻ പിള്ള
(പഞ്ചായത്ത് പ്രസിഡന്റ്, ഇരവിപേരൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |