പ്രമാടം : ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഈറ്റ ഡിപ്പോ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷം. പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള എ ക്ളാസ് മാതൃകാ ഡിപ്പോയ്ക്കാണ് ഈ ദുർഗതി. അതേസമയം പൂങ്കാവിന് പുറമെയുള്ള തോലുഴം, ശാസ്താംകോട്ട, താമരക്കുളം ഡിപ്പോകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയല്ലാം ഈറ്റ ലഭ്യമാണ്. മുന്തിയ ഇനം ഈറ്റ മുമ്പ് ലഭിച്ചിരുന്നതിനാൽ പൂങ്കാവിൽ ആവശ്യക്കാരും ഏറെയായിരുന്നു. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു ഈറ്റവ്യാപാരം നടന്നിരുന്നത്. സമീപ ജില്ലകളിൽ നിന്ന് ഉൾപ്പടെ ആളുകൾ പൂങ്കാവിൽ ഈറ്റ വാങ്ങാൻ എത്തിയിരുന്നു. ഈറ്റ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരും കൊട്ട, വട്ടി , പരമ്പ്, കൂട ഉൾപ്പടെയുണ്ടാക്കുന്ന പരമ്പരാഗത തൊഴിലാളികളും നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
വർക്ക് പ്ളാനായിട്ടും ഈറ്റ വെട്ടുന്നില്ല
വർക്ക് പ്ളാൻ പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പും ബാംബു കോർപ്പറേഷനുമായി നിലനിന്ന ശീതസമരം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട് പരിഹരിച്ചെങ്കിലും കോർപ്പറേഷൻ ഈറ്റ വെട്ടാൻ നടപടി സ്വീകരിക്കാത്തതാണ് നിലവിലെ പ്രശ്നം. അഞ്ച് വർഷത്തെ വർക്ക് പ്ളാൻ പുതുക്കാതിരുന്നതാണ് തുടക്കത്തിലെ പ്രതിസന്ധിക്ക് കാരണം. തുടർന്ന് രണ്ട് വർഷത്തേക്ക് താൽക്കാലികമായി വർക്ക് പ്ളാൻ പുതുക്കി നൽകി. വനംവകുപ്പ് അഞ്ച് വർഷത്തെ വർക്ക് പ്ളാൻ തയ്യാറാക്കിയ ശേഷമാണ് റാന്നി, ഗൂഡ്രിക്കൽ, വടശേരിക്കര, ആങ്ങമൂഴി റേഞ്ചുകളിൽ നിന്ന് ഈറ്റ വെട്ടാൻ ഓരോ വർഷവും ബാബു കോർപ്പറേഷന് അനുമതി നൽകിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക
വർഷം കോന്നി, റാന്നി, വടശ്ശേരിക്കര റേഞ്ചുകളിൽ നിന്ന് 8200 മെട്രിക് ടൺ ഈറ്റ ശേഖരിക്കുന്നതിന് സർക്കാർ കോർപ്പറേഷന് അനുമതിയും നൽകിയിരുന്നു.
വെറ്റില കർഷകരും പ്രതിസന്ധിയിൽ
വെറ്റിലക്കൊടി പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് ഈറ്റ ഉപയോഗിച്ചാണ്. എന്നാൽ ഈറ്റ ക്ഷാമം നിരവധി വെറ്റില കർഷകരയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |