തിരുവല്ല : ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ടോറസിലെ ഡീസൽ ടാങ്ക് പൊട്ടിയൊഴുകി സമീപത്താകെ തീപടർന്നത് പരിഭ്രാന്തി പരത്തി. ആളപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ ജംഗ്ഷനിലാണ് സംഭവം. കോഴഞ്ചേരി ഭാഗത്തു നിന്ന് മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ടോറസ് ലോറിയാണ് പൂർണമായും കത്തി നശിച്ചത്. ഓടിവന്ന കാർ പെട്ടെന്ന് കവിയൂർ ഭാഗത്തേക്ക് തിരിഞ്ഞതോടെ പിന്നാലെ എത്തിയ വാഹനങ്ങൾ ബ്രേക്ക് ചെയ്തു നിറുത്തി. വാനും കാറും ടിപ്പറും നിറുത്തിയ ശേഷം പിന്നാലെ എത്തിയ ടോറസ് ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ടിപ്പർ മുന്നിലുണ്ടായിരുന്ന വാനിലും ഇടിച്ചു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്ന് തീ ഉയർന്നതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. ക്യാബിൻ പൂർണമായും കത്തി നശിച്ചു. സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പെട്ടിക്കടയിലേക്കും തീ ആളിപ്പടർന്നു. തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ തുടർന്ന് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |