കോന്നി : ഇക്കോ ടൂറിസത്തിന് പുതിയമാനങ്ങൾ നൽകിയ അടവി കുട്ടവഞ്ചി സവാരികേന്ദ്രം ടിക്കറ്റ് വരുമാനത്തിലൂടെ വലിയ നേട്ടം ഉണ്ടാക്കുമ്പോഴും പരാധീനതകൾ ഒഴിയുന്നില്ല. അശാസ്ത്രീയമായ തടയണ മുതൽ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഒരുക്കുന്ന സംവിധാനങ്ങൾ വരെ അവഗണനയുടെ ആഴങ്ങളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തടയണ ഒലിച്ചുപോയിരുന്നു. മുമ്പ് കല്ലാറ്റിൽ മണൽ ചാക്കുകൾ നിറച്ചായിരുന്നു തടയണ നിർമ്മിച്ചിരുന്നത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിൽ തൊഴിലാളികൾ ചാക്കിൽ മണ്ണുനിറച്ച് അടുക്കുകയായിരുന്നു. എന്നാൽ കുറച്ചുകാലങ്ങളായി മണ്ണുമാന്തി ഉപയോഗിച്ച് മണൽ കൂനകൂട്ടിയാണ് തടയണ നിർമ്മാണം.
സ്ഥിരം തടയണ വേണമെന്ന കാലങ്ങളായുള്ള ആവശ്യവും നടപ്പായിട്ടില്ല.
ശക്തമായ മഴ ലഭിച്ചങ്കിൽ മാത്രമേ അടവിയിൽ കുട്ടവഞ്ചി സവാരി പൂർണതോതിൽ നടത്തുവാനാകൂ. നദിയിലെ ജലനിരപ്പ് താഴ്ന്നാൽ കുട്ടവഞ്ചികൾ കല്ലിൽ ഇടിച്ച് മറിയുവാനുള്ള സാദ്ധ്യത ഏറെയാണ്. ജലലഭ്യത ഉറപ്പുവരുത്താൻ സ്ഥിരം തടയണ മാത്രമാണ് ഏകവഴി. അടവിയിൽ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
കൂടുതൽ നഷ്ടങ്ങൾ
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഡി ടി പി സി ഫണ്ട് ഉപയോഗിച്ച് ബാംബൂ കോർപ്പറേഷന്റെ ചുമതലയിൽ നിർമ്മിച്ച കെട്ടിടവും അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുകയാണ്. കുട്ടവഞ്ചിയിലേക്ക് സഞ്ചാരികൾ കയറുന്ന മുളംചങ്ങാടവും അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി. കുട്ടവഞ്ചികൾ സൂക്ഷിക്കാൻ സ്ഥിരം ഷെഡ് സംവിധാനവുമില്ല. സാധാരണ നിലയിൽ ആറുമാസത്തിൽ കൂടുതൽ ഒരു കുട്ടവഞ്ചി ഉപയോഗിക്കാൻ കഴിയില്ല. പുതിയ കുട്ടവഞ്ചികൾ എത്തിച്ചിട്ട് ഒരുവർഷത്തിലേറെയായി.
വിദേശ സഞ്ചാരികൾ അടക്കം എത്തുന്ന സ്ഥലം എന്ന നിലയിൽ വർഷംതോറും സുരക്ഷ ഓഡിറ്റിംഗ് നടത്തുകയും ലൈഫ് ജാക്കറ്റിന്റെ സുരക്ഷയും സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമാണ്.
ടിക്കറ്റ് വരുമാനം :
2024 ജനുവരി : 9.79 ലക്ഷം രൂപ, ഫെബ്രുവരി : 7.3 ലക്ഷം രൂപ, മാർച്ച് : 5.6 ലക്ഷം രൂപ, ഏപ്രിൽ : 9.47 ലക്ഷം രൂപ,
2025 ജനുവരി : 11.91 ലക്ഷം രൂപ, ഫെബ്രുവരി : 9.6 1 ലക്ഷം രൂപ, മാർച്ച് : 7. 87ലക്ഷം രൂപ.
അടവി ഇക്കോ ടൂറിസം പദ്ധതിയിലെ പരാതികൾ പരിഹരിക്കാൻ
സർക്കാർ നടപടി സ്വീകരിക്കണം.പ്രവീൺ പ്ലാവിളയിൽ
(കോന്നി ബ്ലോക്ക് അംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |