വള്ളിക്കോട് : കാട്ടുപന്നി ആക്രമണത്തെ തുടർന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ. അന്യമാകുന്ന കാർഷിക സംസ്കൃതി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ഇറക്കിയതെങ്കിലും കാട്ടുപന്നി ശല്യം കാരണം വിളവെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ മാസമാണ് വിത്തുകൾ നട്ടത്. കിളിർത്തുവരുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ നിരവധി തവണ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.
കിഴങ്ങുവിളകൾ വീണ്ടെടുക്കാൻ
ഒരുകാലത്ത് നെൽകൃഷിയും കരിമ്പ് കൃഷിയും പോലെ കിഴങ്ങുവർഗ വിളകളുടെ ഉല്പാദനത്തിലും വിതരണത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഗ്രാമമാണ് വള്ളിക്കോട്. ഇവിടെ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂരെസ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ വള്ളിക്കോട്ട് കിഴങ്ങുവർഗ ഉല്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു.
പന്നികളെ തുരത്താനാകാതെ
കാർഷിക മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നത് കാട്ടുപന്നികളാണ്. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിലും പകലും കൂട്ടമായി എത്തുന്നവ വൻതോതിലാണ് വിളകൾ നശിപ്പിക്കുന്നത്. പന്നിയെ തുരത്താനുള്ള മാർഗങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇവയെ വെടിവച്ചുകൊല്ലാനുള്ള പദ്ധതികൊണ്ടും പ്രയോജനമില്ല. കാടുവളർന്ന ഭാഗങ്ങളും ആളൊഴിഞ്ഞ പുരയിടങ്ങളും പന്നികളുടെ താവളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |