ചെങ്ങന്നൂർ : തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന 'തുടരും' സിനിമയിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന മോഹൻലാലിന്റെ കാറിനുള്ളിലെ രംഗം. "ഈ വണ്ടിക്കൊരു കുലുക്കമാണന്നും അടുത്ത പ്രാവശ്യം ഊബർ വിളിക്കത്തൊള്ളൂ " എന്നുള്ള യാത്രക്കാരന്റെ വാക്കുകൾ. ഇതിന് മറുപടിയായി "അതെന്താ ഊബർ കുലുങ്ങത്തില്ലേ?" എന്നുള്ള മോഹൻലാലിന്റെ കഥാപാത്രത്തിന്റെ രസകരമായ ചോദ്യം. മനസിൽ തങ്ങുന്ന രംഗത്തിലെ യാത്രക്കാരൻ സിനിമയിൽ കന്നിക്കാരനാണ്. ചെങ്ങന്നൂർ കല്ലിശ്ശേരി ഉമയാറ്റുകരയിലെ വള്ളിയിൽ വീട്ടിൽ ഗോപിനാഥൻ പിള്ള - 83). കുറഞ്ഞസമയം മാത്രമാണെങ്കിലും ഗോപിനാഥൻ പിള്ളയും മോഹൻലാലും ഒന്നിച്ചുള്ള ഈരംഗം പ്രേക്ഷകശ്രദ്ധ നേടി.
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി അവസരം ലഭിച്ചപ്പോൾ ഗോപിനാഥൻ പിള്ള ആദ്യം പിൻമാറിയിരുന്നു. എന്നാൽ ഭാര്യ ഓമനയും മക്കളും കൊച്ചുമക്കളും ഒപ്പം നിന്നതോടെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തി.
കൊച്ചുമകളുടെ റീലിൽ തുടക്കം
മിത്രം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഗോപിനാഥൻപിള്ളയുടെ രസകരമായ നിമിഷങ്ങൾ കൊച്ചുമകൾ മിത്ര റീൽസായി പങ്കുവച്ചിരുന്നു. ഈ റീലുകൾ 'തുടരും' സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടു. ഗോപിനാഥൻപിള്ള ഈ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് കണ്ടെത്തിയ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടുകയായിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനിൽ മോഹൻലാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തിയത് ഗോപിനാഥൻ പിള്ളയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു. എവിടെ നിന്നാണ് വരുന്നത്..., യാത്ര സുഖകരമായിരുന്നോ... എന്നിങ്ങനെയുള്ള ലാലിന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ കരുത്തായി.
ഗോപിനാഥൻ പിള്ള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |