പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അറിയിച്ചു. കൊല്ലത്ത് വാക്സിൻ നൽകിയിട്ടും ഏഴുവയസുകാരിക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.
തെരുവ് മൃഗങ്ങളോ, വീടുകളിൽ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താൽ മുറിവ് പറ്റിയ ഭാഗം 15 മിനിറ്റ് ടാപ്പ് തുറന്ന വെള്ളത്തിലോ, കോരി ഒഴിച്ചോ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇതിലൂടെ 99 ശതമാനം അണുക്കളും ഇല്ലാതാകും. മുറിവ് കെട്ടിവയ്ക്കരുത്. എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തി പേവിഷബാധയ്ക്ക് എതിരായ കുത്തിവയ്പ്പ് ആരംഭിക്കണം. ഗുരുതരമായവയ്ക്ക് വാക്‌സിന് പുറമേ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പും എടുക്കണം. വളർത്തുമൃഗങ്ങൾക്ക് വാക്‌സിനേഷൻ നൽകണം. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വളർത്തുമൃഗങ്ങളിൽ നിന്ന് കടിയേറ്റാലും വാക്‌സിൻ നിർബന്ധമായും എടുക്കണം. സ്ഥിരമായി മൃഗങ്ങളിൽ നിന്ന് കടിയേൽക്കാൻ സാദ്ധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധകുത്തിവയ്പ്പ് എടുക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കളിക്കിടയിൽ മൃഗങ്ങളുടെ മാന്തലോ കടിയോ ഏറ്റാൽ ആ വിവരം മാതാപിതാക്കളെ അറിയിക്കണം. ഇവ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
കുത്തിവയ്പ്പ് ലഭ്യമായ ആശുപത്രികൾ
കോന്നി മെഡിക്കൽ കോളേജ്, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രികൾ എന്നിവിടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് ലഭ്യമാണ്.
കടിയേറ്റ ദിവസം, തുടർന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളിൽ നാല് ഡോസ് ഐ ഡി ആർവിയാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്‌സിൻ എടുത്ത് അവസാനിപ്പിക്കരുത്. മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. മുഖത്തും കൈകളിലും കടിയേൽക്കുന്നത് പെട്ടെന്ന് പേവിഷബാധയേൽക്കാൻ കാരണമാകുന്നതിനാൽ പെട്ടെന്നു പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |