പത്തനംതിട്ട : ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം പാളിയത് പകർച്ചവ്യാധി ഭീഷണിക്ക് കാരണമായി. വേനൽമഴ എത്തിയതോടെ മലിനജലവും മാലിന്യവും റോഡിൽ കെട്ടിക്കിടക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചിട്ടില്ല. പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളും ഇടവഴികളും കാട് നിറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊതുകും വർദ്ധിച്ചിട്ടുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം എങ്ങും നടക്കുന്നില്ല. സർക്കാർ ഓഫീസുകളുടെ പരിസരമടക്കം മാലിന്യം നിറഞ്ഞു. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന എം.സി.എഫുകളും നിറഞ്ഞ് കവിഞ്ഞനിലയിലാണ്. ഓടകളിലും തോടുകളിലും മലിന ജലം നിറയുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും നാഷണൽ ഹെൽത്ത് മിഷന്റേയും ശുചിത്വ മിഷന്റേയും ഫണ്ട് ഉപയോഗിച്ചാണ് മഴക്കാല പൂർവ ശുചീകരണം നടത്തുന്നത്. ഫണ്ടിന്റെ അഭാവം മൂലമാണ് ശുചീകരണം മുടങ്ങിയതെന്നാണ് അധികൃതർ പറയുന്നത്.
ഡെങ്കിപ്പനി കൂടുന്നു
പന്തളം (കടയ്ക്കാട്), വെച്ചൂച്ചിറ (കൊല്ലമുള, പെരുന്തേനരുവി, ഓലക്കുളം) പ്രദേശങ്ങളിൽ ഡെങ്കി കേസ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
ഏപ്രിലിലെ ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകൾ
(മുനിസിപ്പാലിറ്റി / പഞ്ചായത്ത്, വാർഡ്, പ്രദേശം ക്രമത്തിൽ)
അടൂർ : 6, ജവഹർ നഗർ
ചന്ദനപ്പള്ളി : 13, 14, ആനപ്പാറ പെറക്കാട്ട്
തുമ്പമൺ : 3,9, തുമ്പമൺ
കോഴഞ്ചേരി : 6, കുരങ്ങുമല
ഏഴംകുളം : 14, 16, 17, പറക്കോട്
നാറാണമൂഴി : 11, 8, 13, മോതിര വയൽ, നെല്ലിക്കാമൻ, പൊന്നമ്പാറ
പന്തളം : 6,11, മങ്ങാരം, കടയ്ക്കാട്
പ്രമാടം : 1,9,10,11, 19, തകടിയത്ത്, മാറക്കുഴി, വായനശാല, പുളിയ്ക്ക, പതാലിൽ
വെച്ചൂച്ചിറ : 5, 8, 10, കൊല്ലമുള, ഓലക്കുളം, പെരുന്തേനരുവി
നഗരസഭയും പഞ്ചായത്തും പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കണം. രോഗബാധിത പ്രദേശങ്ങളിൽ ഫോഗിംഗ് ഉൾപ്പെടെയുള്ളവ നടത്തണം. മലിന ജലം കെട്ടി കിടക്കാൻ അനുവദിക്കരുത്.
ഡോ.എൽ.അനിത കുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |