പത്തനംതിട്ട : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണനമേള 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ സംഘടിപ്പിക്കും. വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികൾ സമയബന്ധിതമായി ക്രമീകരണം പൂർത്തിയാക്കണമെന്ന് ജനറൽ കൺവീനർ കൂടിയായ ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണൻ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളുടെ 188 സ്റ്റാളുകൾ ക്രമീകരിക്കും. ശുചിത്വമിഷനും നഗരസഭയും മാലിന്യസംസ്‌കരണം നിർവഹിക്കും. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. സാംസ്‌കാരിക പരിപാടി, സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ തീംസ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. മേളയിൽ സർക്കാർ സേവനവും പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, വിവര പൊതുജന സമ്പർക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ, എ.ഡി.എം ബി.ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.ടി.ജോൺ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |