പന്തളം: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴ പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടശേഖരത്തിലെ നെൽകൃഷിക്ക് വിനയായി. കൊയ്യാൻ പാകമായി കിടക്കുന്ന നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാൻ മാർഗമില്ലാതെ വലയുകയാണ് കർഷകർ. പന്തളം തെക്കേക്കര പഞ്ചായത്തിലാണ് മാവര പാടം. 15 ഹെക്ടറുണ്ട്. 10 ഹെക്ടർ പാടം പൂർണമായും വെള്ളത്തിലാണ്.ഇത്തവണ ഉമ, പൗർണമി എന്നീ വിത്തുകളാണ് വിതച്ചത്.
വിളഞ്ഞുകിടക്കുന്ന നെല്ല് ഈയാഴ്ച കൊയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു കർഷകർ. ഇതിനായി കൊയ്ത്ത് മെതി യന്ത്രവും എത്തിച്ചിരുന്നു. എന്നാൽ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്ന പാടത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കതിര് മുങ്ങും വിധം വെള്ളം നിറഞ്ഞു.
പാടവും സമീപത്തുള്ള നാർച്ചാലും തോടുകളുമെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇത് ആറ്റിലേക്കൊഴുക്കിവിട്ട് കളഞ്ഞാൽ നെൽകൃഷിയെ രക്ഷിക്കാൻ കഴിയുമെങ്കിലും പുല്ലും പോളയും നിറഞ്ഞുകിടക്കുന്ന തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമുണ്ട്. തോട് ആഴംകൂട്ടി വൃത്തിയാക്കുന്ന പണി മൂന്ന് വർഷം മുമ്പ് നടത്തിയിരുന്നെങ്കിലും പണിയിലെ അശാസ്ത്രീയതകാരണം വെള്ളം ഒഴുകിപ്പോകുന്നില്ല.
കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് മുടങ്ങി
കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് തുടങ്ങിയശേഷമാണ് മഴകാരണം വെള്ളം നിറഞ്ഞത്. യന്ത്രം ചെളിയിൽ പുതയാൻ തുടങ്ങിയതോടെ പലയിടത്തും കൊയ്ത്ത് മുടങ്ങുകയും ചെയ്തു. മഴ തുടരുന്നത് ഇവിടെയും പ്രശ്‌നമാണ്. വെള്ളം വറ്റാതെ കിടക്കുന്ന പാടത്ത് യന്ത്രം പുതയുന്നതുകാരണം ഇറക്കാൻ കഴിയുന്നില്ല. കർഷകർ സ്വന്തം ചെലവിൽ മോട്ടോർവച്ച് വെള്ളം അടിച്ചുവറ്റിച്ചാണ് കരിങ്ങാലിപ്പാടത്ത് കുറച്ചുഭാഗത്ത് കൊയ്ത്ത് നടത്തിയത്. ഭീമമായ തുക ഇതിനായി ചെലവാകും. വലിയതോട്ടിലൂടെ വെള്ളം ആറ്റിലേക്കടിച്ചുകളഞ്ഞാൽ മാത്രമേ കരിങ്ങാലിയിലെ നെല്ല് പൂർണമായും കൊയ്‌തെടുക്കുവാൻ കഴിയു .
മാവര പാടം 15 ഹെക്ടർ
വെള്ളം ഒഴുകിപ്പോകാൻ തടസം
തോട് ആഴംകൂട്ടൽ പരിഹാരമായില്ല
"മഴ തുടർന്നാൽ ഒരുമണി നെല്ലുപോലും കൊയ്‌തെടുക്കാൻ കഴിയാത്ത അവസ്ഥയാണ് "
വരിക്കോലിൽ മോഹനൻപിള്ള (കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |