തിരുവല്ല : ഗ്രാമീണമേഖലയിൽ നിന്ന് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. റൈമ മറിയം ജോൺ നാടിന് അഭിമാനമായി. നിരണം വരത്തറപള്ളത്ത് അക്ഷയ സെന്റർ ഉടമ ജോൺ മാത്യുവിന്റെയും നിരണം സെന്റ് മേരിസ് എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് നിസ്സി പി.ചാക്കോയുടെയും മകളാണ്. നിരണത്തെ മലയാളം മീഡിയം സ്‌കൂളിൽ ബാലപാഠങ്ങൾ അഭ്യസിച്ചശേഷം പ്ലസ് ടു കഴിഞ്ഞു എയിംസിൽ നിന്ന് എം.ബി.ബി.എസ് നേടി. റായ്പൂർ എയിംസിൽ ഇ.എൻ.ടിയിൽ എം.എസ് പൂർത്തിയാക്കി ആദ്യ നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി എൻട്രി എക്സാമിനേഷൻ 2025 (ഇ.എൻ.ടി ഗ്രൂപ്പ്) പരീക്ഷയിൽ തന്നെ ഡോ.റൈമ മികച്ചവിജയം സ്വന്തമാക്കി. ഹെഡ് ആൻഡ് നെക് ഓങ്കോളജിയോടുള്ള അഭിനിവേശത്തിൽ ആകൃഷ്ടയായ ഡോ.റൈമ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഓങ്കോളജിക്കൽ ഹോസ്പിറ്റലിൽ എം.സി.എച്ച് ചെയ്യാൻ ലക്ഷ്യമിടുന്നു. ബാംഗ്ലൂർ എച്ച്.സി.എലിൽ എഞ്ചിനീയറായ റെനിറ്റയാണ് സഹോദരി.
ഡോ. റൈമയെ അനുമോദിച്ചു
നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം നേടി അസാധാരണ നേട്ടം കൈവരിച്ച ഡോ. റൈമ മറിയം ജോണിനെ ജനതാദൾ (എസ്) നിരണം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാത്യു ടി. തോമസ് എം.എൽ.എ ഉപഹാരം നൽകി. മറിയാമ്മ മത്തായി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ.അലക്സാണ്ടർ കെ. ശാമുവൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ എബ്രഹാം, എം.എബ്രഹാം, പി.രാജീവ്, സജി മാത്യു, ജോളി വർഗീസ്, അജി എബ്രഹാം, ലീല തോമസ്, ജോൺ മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |