പത്തനംതിട്ട : കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 3.68 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നേരത്തെ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി അംഗീകരിച്ച ഹൈക്കോടതി പൊലീസ് തയാറാക്കിയ കുറ്റപത്രം തള്ളി. 2016 മാർച്ച് 27ന് രാവിലെ 9.20ന് എം.സി റോഡിൽ പന്തളം ചിത്ര ആശുപത്രിക്കു സമീപം നെടുമങ്ങാട് - പാലക്കാട് സൂപ്പർഫാസ്റ്റ് ബസ് കാറിൽ ഇടിച്ചു ചെങ്ങന്നൂർ പെണ്ണുക്കര മണ്ണിൽ പ്രദീപ് (41) മരിക്കുകയും ഭാര്യ സോണി പ്രദീപിന് (34) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എതിർദിശയിൽ വന്ന കാറിൽ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയും ഇൻഷ്വറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകണമെന്നു വിധിക്കുകയായിരുന്നു.
ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാനായി ഹൈക്കോടതിയെ പ്രദീപിന്റെ കുടുംബം സമീപിച്ചു. അധിക തുക നഷ്ടപരിഹാരമായി നൽകാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സോണിക്കുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹൈക്കോടതി കണ്ടെത്തി. ജീവിതകാലം മുഴുവൻ രണ്ട് ശുശ്രൂഷകരുടെ ആവശ്യം ഇവർക്കുണ്ടായ സാഹചര്യത്തിലായിരുന്നു കോടതിയുടെ കണ്ടെത്തൽ. ശുശ്രൂഷകൾക്കായി അനുവദിച്ച തുക ഉൾപ്പെടെ 74.50 ലക്ഷം രൂപ അനുവദിച്ചു. പ്രദീപ് മരിച്ച കേസിൽ 1,21,81,665 രൂപയും ഭാര്യ സോണി പ്രദീപിനുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് 2,36,92,307 രൂപയും കെട്ടിവയ്ക്കാനാണ് ഇൻഷുറൻസ് കമ്പനിയ്ക്കു നൽകിയിരിക്കുന്ന ഉത്തരവ്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോർജ്, എ.എൻ.സന്തോഷ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |