പത്തനംതിട്ട : അഭിഭാഷകന്റെ ക്രൂര പീഡനത്തിനിരയായ അതിജീവിതയ്ക്ക് കൈത്താങ്ങായി ജില്ലാ ശിശു സംരക്ഷണ സമിതി. പത്തനംതിട്ട ജില്ലക്കാരിയായ പെൺകുട്ടി പ്ലസ്ടുവിനു ശേഷം ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിനൊരുങ്ങുകയാണ്.പഠിക്കാനുള്ള അതിജീവിതയുടെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശനത്തിനുള്ള ഫീസ് സർക്കാരിൽ നിന്ന് ശിശു സംരക്ഷണ സമിതി ലഭ്യമാക്കി. കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് അഭിഭാഷകന് പീഡിപ്പിക്കാൻ അവസരമൊരുക്കിയതത്രേ. ജില്ലാ ശിശുക്ഷേമ സമിതിയാണ് കേസിൽ നിയമ സഹായങ്ങളും മാനസിക പിന്തുണയും നൽകിയത്. അറസ്റ്റ് ഒഴിവാക്കാൻ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അഭിഭാഷകൻ 2010ൽ എറണാകുളം തമ്മനത്തെ ഒരു വീട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ മാതാവ് ഇന്നലെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. ഇതേ തുടർന്ന് അഭിഭാഷകനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവുമായുള്ള കേസിന്റെ ആവശ്യത്തിനാണ് ബന്ധുവായ സ്ത്രീ മുഖേന അഭിഭാഷകനെ കണ്ടതെന്ന് മൊഴിയിൽ പറയുന്നു. പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തി. പീഡന ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ 12ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തന്റെ സ്വർണാഭരണങ്ങൾ അവർ കൈക്കലാക്കിയതായും മൊഴിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |