കോഴഞ്ചേരി: മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. മേലുകര പ്രയാറ്റുകടവിലെ മാലിപ്പുരയിൽ വച്ചാണ് പുനരുദ്ധാരണ ജോലികൾ. ഏരാവ്, മാതാവ് പലകകൾ നിലനിറുത്തി ബാക്കി ഭാഗങ്ങൾ മുഴുവൻ പുതിയതാക്കും. ചില്ലുപലകകൾ അഴിച്ച് പുന:ക്രമീകരിക്കുന്ന പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗൂർഖണ്ഡസാരിയിൽ തയ്യാറാക്കിയിരിക്കുന്ന കാമരത്തിൽ രണ്ടാമത്തെ തടി അറുക്കുന്ന പണിയും നടക്കുന്നു. ആദ്യതടി അറുത്ത് വങ്കിനുള്ള പലകകളാക്കി മാറ്റി മാലിപ്പുരയിൽ എത്തിച്ചു. ചങ്ങംകരി വേണു ആചാരിയാണ് പ്രധാന ശില്പി. പാലാ പൂവരണി , മലയാലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് തടികൾ കൊണ്ടുവന്നത്. ചിങ്ങമാസം ആദ്യം വള്ളം നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നത്. എ ബാച്ചിൽ ഉൾപ്പെട്ട മേലുകരയ്ക്ക് അതിപ്രാചീനകാലം മുതൽ തന്നെ പള്ളിയോടമുണ്ട്. തിരുവോണത്തോണി ഓണ വിഭവങ്ങളുമായി ആറന്മുളയിലേക്ക് പുറപ്പെടുന്ന യാത്രയിൽ വിശ്രമിക്കുന്ന വെച്ചൂർ മന മേലുകര കരയിലാണ്. അയിരൂർ പുതിയകാവിലമ്മയുടെ ഉറ്റ ബന്ധുക്കരയായ മേലുകര മുടങ്ങാതെ എല്ലാ വർഷവും അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും പള്ളിയോടത്തിലെത്തി ദർശനം നടത്തും. മേലുകര പള്ളിയോട സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലാണ് പള്ളിയോടം. പള്ളിയോട നിർമ്മാണ കമ്മറ്റിയുടെയും സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പുനരുദ്ധാരണം.
മത്സരങ്ങളിലെ ജലരാജാവ്
അതിപ്രഗത്ഭരായ അമരക്കാരും പാട്ടുകാരും തുഴച്ചിൽക്കാരുമുള്ള മേലുകര പള്ളിയോടം മത്സരം വരുംമുമ്പുള്ള കൂട്ടു വള്ളംകളിയിൽ പ്രമുഖ സ്ഥാനത്തായിരുന്നു. മത്സരം തുടങ്ങിയ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ പള്ളിയോടം പിന്നീട് ഏഴു തവണ കൂടി മന്നം ട്രോഫി കരസ്ഥമാക്കി. അത്രയും തവണ തന്നെ രണ്ടാം സ്ഥാനവും നേടി. ഏറ്റവും നല്ല ചമയത്തിനും ഭംഗിക്കുമുള്ള ആർ. ശങ്കർ ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്. വഞ്ചിപ്പാട്ടു മത്സരത്തിലും പല പ്രാവശ്യം വിജയികളായിട്ടുണ്ട്. എറണാകുളം , ആലപ്പുഴ ജലമേളകളിലും പല തവണ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |