കായംകുളവും കാരംവേലിയും തമ്മിലെന്ത് ബന്ധം ? ബന്ധമുണ്ട്. രണ്ടുനാടിന്റെയും ബന്ധു ഒരു കള്ളനാണ്. പേര് കായംകുളം കൊച്ചുണ്ണി. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ചുവളർന്ന കൊച്ചുണ്ണി പത്തനംതിട്ടയിലെ കാരംവേലിയിലെത്തിയതിന് പിന്നിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കഥയുണ്ട്. പാവങ്ങളെ സഹായിക്കാനായി മോഷണം തൊഴിലാക്കിയ കൊച്ചുണ്ണിയെ ഒാർക്കാൻ കായംകുളത്ത് യാതൊന്നുമില്ലെങ്കിലും കാരംവേലിയിൽ ഇൗ കള്ളന് ക്ഷേത്രമുണ്ട്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യസാഹോദര്യത്തിന്റെ പ്രതീകമെന്നോണം കായംകുളം കൊച്ചുണ്ണി ഇവിടെ കാവൽ മൂർത്തിയും കൺകണ്ട ദൈവവുമാണ്. . കാരം വേലി ഇടപ്പാറ മലനടയിൽ ഹിന്ദുമതത്തിലെ ദൈവങ്ങൾക്കരികിൽ ഇസ്ളാംമത വിശ്വാസിയായിരുന്ന കായംകുളം കൊച്ചുണ്ണിക്കും ഇടമുണ്ട്. കട്ടമുതൽ തിരിച്ചുകിട്ടാനും അനുഗ്രഹത്തിനും കൊച്ചുണ്ണിക്കരികിലെത്തി പ്രാർത്ഥിക്കുന്നവരേറെ. ക്ഷേത്ര വളപ്പിൽ കൊച്ചുണ്ണിയെ പ്രതിഷ്ഠിച്ച സങ്കേതത്തിൽ ചന്ദ്രക്കലയും നക്ഷത്രവുമുണ്ട്. മുകളിൽ പച്ചക്കൊടി. കൗരവരിൽ രണ്ടാമനായ ദുശാസനനാണ് ഇടപ്പാറ മലനടയിലെ പ്രധാന പ്രതിഷ്ഠ. ഉപദേവതകളുമുണ്ട്. അവർക്കരികിലാണ് ഒരു കാലത്ത് കായംകുളത്തെ കിടുകിടാ വിറപ്പിച്ച കൊച്ചുണ്ണി.
19-ാം നൂറ്റാണ്ടിൽ ഉള്ളവന്റെ സമ്പത്ത് മോഷ്ടിച്ച് ഇല്ലാത്തവന് കൈമാറിയ കൊച്ചുണ്ണി എല്ലാ മതങ്ങളെയും ഒന്നായി കണ്ട ആൾകൂടിയായിരുന്നു. അസാധാരണമായ മെയ് കരുത്തും ബുദ്ധിയുമുണ്ടായിരുന്ന കൊച്ചുണ്ണിയെ ചതിയിൽപ്പെടുത്തിയാണ് കീഴടക്കിയത്. ജയിലിൽ വച്ചായിരുന്നു മരണം. അതിന് ശേഷമാണ് ഇടപ്പാറ മലനടയുമായി ബന്ധമുള്ള കഥ തുടങ്ങുന്നത്. കൊച്ചുണ്ണിയുടെ മരണ ശേഷം കായംകുളത്തെ പടയണി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇടപ്പാറ മലയിലെ വല്യ ഉൗരാളി അയ്യപ്പൻ വഴിയരികിലെ ആൽമരത്തിന്റെ ചുവട്ടിൽ രാത്രി വിശ്രമിക്കുമ്പോൾ മരത്തിൽ നിന്ന് ഒരു അശരീരി കേട്ടു. അത് കൊച്ചുണ്ണിയുടെ ആത്മാവായിരുന്നു. തനിക്ക് ഒരു ഇരിപ്പിടം നൽകണമെന്നായിരുന്നു ഉൗരാളിയോട് കൊച്ചുണ്ണി അഭ്യർത്ഥിച്ചത്. കൊച്ചുണ്ണിയെ ഉൗരാളി കൂട്ടിക്കൊണ്ടു വന്ന് ഇടപ്പാറമലനടയിൽ അഭയം നൽകി. കാലമേറെ കഴിഞ്ഞിട്ടും കൊച്ചുണ്ണിയെ കണ്ടുതൊഴാൻ ഭക്തർ ഏറെയെത്തുന്നു. കഥയായാലും കാര്യമായാലും ഒരുകാലത്തെ മതസൗഹാർദത്തിന്റെ നിറവും മണവും ഇതിലുണ്ട്. ഇടപ്പാറ മലനട ഇന്നും അത് കാത്തുസൂക്ഷിക്കുന്നു. അവിടെയെത്തുന്ന വിശ്വാസികളും.
കൊച്ചുണ്ണിയെ കണ്ടുതൊഴാൻ ഭക്തർ ഏറെയെത്തുന്നു. കഥയായാലും കാര്യമായാലും ഒരുകാലത്തെ മതസൗഹാർദത്തിന്റെ നിറവും മണവും ഇതിലുണ്ട്. ഇടപ്പാറ മലനട ഇന്നും അത് കാത്തുസൂക്ഷിക്കുന്നു. അവിടെയെത്തുന്ന വിശ്വാസികളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |