തിരുവല്ല : സ്റ്റിയറിംഗ് റാഡ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിലൂടെ നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്നലെ രാവിലെ 9നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. നെടുമ്പ്രം വിജയവിലാസം വീട്ടിൽ കാർത്തിക് സായ് (14), നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ബസിനടിയിൽ കുടുങ്ങിയ മൂവരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കാർത്തിക്കിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |