പ്രമാടം : ഡെങ്കിപ്പനി പ്രതിരോധത്തിനായി റബർ തോട്ടങ്ങളിൽ ജാഗ്രത പുലർത്തണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം തോട്ടം ഉടമകൾ അവഗണിക്കുന്നു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യമായിട്ടും വേണ്ടത്ര ജാഗ്രത പുലർത്താത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
ഹോട്ട്സ്പോട്ടുകളുള്ള ഒന്നിൽ കൂടുതൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ആശാ പ്രവർത്തകരെ ഉപയോഗിച്ച് തോട്ടം ഉടമകൾക്കായി ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് നേരിട്ട് തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി. അനാസ്ഥ തുടർന്നാൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കും. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും.
കമഴ്ത്തി വയ്ക്കാത്ത ചിരട്ടകൾ
റബർ പാൽ ശേഖരിച്ച ശേഷം ചിരട്ടകൾ കമഴ്ത്തി വയ്ക്കാത്തതാണ് പ്രധാന പ്രതിസന്ധി. മഴയിൽ ചിരട്ടയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് കാരണമാകുമെന്നും ഇത്തരം ഉറവിട നശീകരണം കർശനമായി നടപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോഴാണ് റബർ തോട്ടങ്ങളിലെ ഈ ജാഗ്രതക്കുറവ്. എസ്റ്റേറ്റുകളിലും വലിയ തോട്ടങ്ങളിലും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികൃതരും പരിശോധ നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ചെറിയ തോട്ടങ്ങളിൽ ഇത് കാര്യക്ഷമമല്ല.
ഈഡിസ്, ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് രോഗവാഹകർ.
വീടിനകത്തും പുറത്തും ജാഗ്രത വേണം
വീടിനകത്ത് ചെടിച്ചട്ടികളുടെ അടിയിടെ ട്രേ, എ.സിയിൽ നിന്ന് വെള്ളം വീഴുന്ന ട്രേ, അലങ്കാര ചെടികൾ വളർത്തുന്ന പാത്രം, ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, ഉപയോഗിക്കാത്ത ക്ളോസെറ്റ്, വീടിന് പുറത്തെ ഉപയോഗ ശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ടകൾ, പ്ളാസ്റ്റിക് കവറുകൾ, ചെടിച്ചട്ടികൾ, കട്ടികൂടിയ ഇലകൾ, ടാർപ്പോളിൻ, പ്ളാസ്റ്റിക് ഷീറ്റുകൾ, മുട്ടത്തോട്, സൺഷെയ്ഡ്, റൂഫിന്റെ പാത്തി ടെറസ്, വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, പഴങ്ങളുടെ തോടുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |