കോന്നി എം.എൽ.എ കെ. യു.ജനീഷ് കുമാർ ഇൗയിടെ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ഒറ്റയ്ക്കല്ല. കൂട്ടിന് കോന്നി ഡി.വൈ.എസ്.പിയും ഉണ്ടായിരുന്നു. കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിന്റെ പേരിൽ കണ്ണിൽകണ്ടവരെയെല്ലാം വനംവകുപ്പ് കസ്റ്റഡിയിലെടുക്കുന്നതറിഞ്ഞ് എത്തിയതാണ്. മനുഷ്യരെ പച്ചജീവനോടെ കത്തിക്കുന്നവരെ അറസ്റ്റുചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുത്തെന്നിരിക്കും. പക്ഷേ കാട്ടുമൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. ഇൗനാംപേച്ചിമുതൽ മരപ്പട്ടി വരെയുള്ള ഏതെങ്കിലും ജീവിക്ക് നൊന്തെന്നറിഞ്ഞാൽ ഉടനടിയാണ് വനംവകുപ്പിന്റെ ആക്ഷൻ. കാട്ടുമൃഗങ്ങൾ നിസാരക്കാരല്ല. റേഷൻകാർഡും ആധാർകാർഡും ഇല്ലെന്നേയുള്ളു. മനുഷ്യരേക്കാൾ പത്തിരട്ടി വിലയുണ്ട് അവയ്ക്ക് . കേന്ദ്രത്തിലാണ് പിടി. വനം നിയമം അങ്ങനെയാണ്. പാമ്പുചത്താലും പഴുതാര ചത്താലും 24 മണിക്കൂറിനുള്ളിൽ കൊലപാതകിയെ കണ്ടെത്തണം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിഗമനത്തിൽ വനപാലകർ ആളെ തൂക്കി അകത്തിടുകയും ചെയ്യും.
കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ വനപാലകർ അകത്തിട്ടത് കൈതത്തോട്ടത്തിലെ തൊഴിലാളിയെയാണ്. തൊഴിലാളി മലയാളിയല്ല. തമിഴനായിരുന്നു. എന്നിട്ടും പുറത്തിറക്കാൻ എം.എൽ.എ എത്തി. അകത്തായത് തമിഴ്നാട്ടുകാരനാണെങ്കിലും പ്രശ്നം മലയോരത്തെ എല്ലാ മലയാളികളുടേതുമായിരുന്നു. ഇന്നു ഞാൻ നാളെ നീ എന്ന് പറയും പോലെ ഏതുനിമിഷവും ആരും വനംവകുപ്പിന്റെ കസ്റ്റഡിയിലാകാം. അത്രയ്ക്കുണ്ട് വന്യജീവികളുടെ ദ്രോഹം. പണ്ട് തണ്ണിത്തോടും സീതത്തോടും പോലെയുള്ള മലയോര പ്രദേശങ്ങളിൽ കണ്ടിരുന്ന കാട്ടുജീവികളെ ഇപ്പോൾ പത്തനംതിട്ട നഗരസഭയിലും കാണാം. കാട്ടാനയും കടുവയും പുലിയും കാട്ടപന്നിയും നാട്ടുകാർക്ക് ഇപ്പോൾ അപരിചതരല്ല. കാടുവിട്ടുള്ള ഇവയുടെ കുടിയേറ്റത്തിന് പരിഹാരം കാണാൻ വനംവകുപ്പിന് പദ്ധതികളില്ല. വന്യജീവിശല്യം മൂലം പൊറുതിമുട്ടിയ പാവങ്ങളോടാണ് അവർക്ക് കലി. കടുവ കടിച്ചുകുടഞ്ഞെന്നിരിക്കും. തിരിച്ച് ഒരക്ഷരം മിണ്ടരുത്. നിലവിളിക്കുക പോലും ചെയ്യരുത്. വലിയ ശബ്ദം കടുവയ്ക്ക് ഇഷ്ടമായില്ലെങ്കിലോ. ചോരനീരാക്കി നട്ടുനനച്ചു വളർത്തിയ കപ്പയും കാച്ചിലുമൊക്കെ കാട്ടുപന്നി തിന്നുമുടിക്കുന്നത് കണ്ട് കൈകൊട്ടിച്ചിരിക്കണം. വന്യജീവി സംരക്ഷണം ഇതൊക്കെയാണെന്നാണ് വനംവകുപ്പിന്റെ ധാരണ. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാനുള്ള സോളാർ വേലിയും കിടങ്ങുമൊക്കെ വഴിയാധാരമായി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നാണ് അധികൃതരുടെ നയം. എല്ലാത്തിനും സമാധാനം പറയേണ്ടത് മലയോരത്തെ പാവപ്പെട്ട മനുഷ്യരാണ്. അവർക്ക് വേണ്ടിയാണ് ജനീഷ് കുമാർ എം.എൽ.എ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി രോഷാകുലനായി ചോദിച്ചത്- " എന്ത് തോന്ന്യാസമാണ് നിങ്ങൾ കാണിക്കുന്നത് ?"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |