പത്തനംതിട്ട : ശരീരം വിധി തളർത്തിയെങ്കിലും ജയന്റെ മനസ് തളർന്നില്ല. പ്രവാസ ജീവിതത്തിലെ പ്രതീക്ഷകൾ ഇല്ലാതായെങ്കിലും ആലയിൽ പണിയെടുത്ത് പുതിയ ജീവിതം കെട്ടിപ്പൊക്കുകയാണ് ഇൗ അൻപത്തിയാറുകാരൻ. ഓമല്ലൂർ മണ്ണിൽ തുണ്ടിൽ വീട്ടിൽ ജയൻ 1994 ലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. 2013ൽ അബുദബിയിൽ ജോലിക്കിടെ പക്ഷാഘാതം ഉണ്ടായി. ഇടതുവശം പൂർണമായി തളർന്നു.
നാട്ടിലെത്തി ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും ഏറെക്കുറെ ഭേദമായപ്പോൾ 2017ൽ അബുദബിയിലേക്ക് മടങ്ങി. 2019 നവംബറിൽ അവധിക്ക് നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് കൊവിഡിന്റെ വരവ്. അതോടെ മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് പരമ്പരാഗത തൊഴിൽ ഏറ്റെടുത്തത്. 13 വയസുമുതൽ അച്ഛൻ കുട്ടപ്പനെ ഇരുമ്പുപണിയിൽ സഹായിച്ചിരുന്നതിനാൽ ജോലി എളുപ്പമായി. കത്തി, വാക്കത്തി, കോടാലി തുടങ്ങിയ എല്ലാത്തരം ഇരുമ്പുപകരണങ്ങളും നിർമ്മിച്ചുനൽകും. ഇരുമ്പുപകരണങ്ങളുടെ ആകൃതിയും ഭാരവും അനുസരിച്ചാണ് വില നിശ്ചയിക്കുക. ആവശ്യക്കാർ തേടിയെത്താറുണ്ട്. കായംകുളത്തുനിന്നാണ് ഇരുമ്പ് വാങ്ങുന്നത്. ചിരട്ടയുടെ തീക്കനലാണ് ഇരുമ്പുരുക്കാൻ ഉപയോഗിക്കുന്നത്. ബ്രൊവറിന്റെ സഹായത്തോടെയാണ് കനലെരിക്കുന്നത്.
താങ്ങായി രാജിയുണ്ട്
ജയന്റെ പക്ഷാഘാതം കുടുംബത്തെയും തളർത്തിയെങ്കിലും ഭാര്യ രാജിയുടെ ഇച്ഛാശക്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രേരണയായത്. ആലയിൽ ജയനെ സഹായിക്കാൻ വീട്ടമ്മയായ രാജിയുമുണ്ട്. ജയന് ചൂട് അധികം ഏൽക്കുന്നത് നല്ലതല്ലെന്നാണ് ഡോക്ടർ പറയുന്നത്. കൈകൾ പൂർവ സ്ഥിതിയിലായിട്ടില്ല. കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയാണ് ആലയിലേത്. ഇടത് കൈ കാര്യമായി ഉപയോഗിക്കാനാകില്ല. കൂടുതലും വലതുകൈ കൊണ്ടാണ് ജോലി. ഇപ്പോൾ ആ കൈയ്ക്കും വേദനയുണ്ട്. മരുന്നും വ്യായാമവും ദിവസേനയുള്ളതുകൊണ്ട് മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുന്നത്. മക്കൾ: ആതിര, അഭിഷേക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |