പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ ഇന്നലെയും വലഞ്ഞു. ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, ളാഹ, കോന്നി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മിക്ക പ്രദേശങ്ങളിലും കാറ്റിൽ മരം കടപുഴകിയും ഒടിഞ്ഞും വീണ് വൈദ്യുതി കമ്പികൾ പൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞും വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപ്പാലത്തിന് അടിഭാഗത്ത് പെട്രോൾ പമ്പിന് സമീപം റോഡിന്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞു താഴ്ന്നു. ശബരിമലക്കാടുകളിലുൾപ്പടെ കിഴക്കൻ വനമേഖലയിൽ തുടർച്ചയായി മഴ പെയ്തതോടെ കിഴക്കൻ മേഖലയെ ഉരുൾപൊട്ടൽ ഭീഷണിയിലാക്കി. ശബരിഗിരി പദ്ധതിയുടെ ഭാഗമായ കൊച്ചുപമ്പ, കക്കി ഡാമുകളുടെയും ആനത്തോട്, മൂഴിയാർ ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലായി. തിരുവല്ലയിൽ 30ൽപരം വീടുകളിൽ വെള്ളം കയറി. റെഡ് അലർട്ടിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 3.30ന് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ സൈറൺ മുഴക്കി. ഇന്നലെ ഉച്ചയോടെ കാഠിന്യം കുറഞ്ഞ മഴ രാത്രിയോടെ വീണ്ടും ശക്തിപ്രാപിച്ചു.
ജാഗ്രത വേണം
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്തുതന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. താഴ്ന്ന പ്രദേശത്ത് താമസിക്കന്നവർ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അനാവിശ്യ യാത്രകൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ ഒഴിവാക്കണം. ജലാശയത്തോട് ചേർന്നും, അറ്റകുറ്റ പണികൾ നടക്കുന്നതുമായ റോഡുകളിലുടെയുള്ള യാത്രകൾക്ക് ജാഗ്രത പാലിക്കണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുയോ സെൽഫി എടുക്കുയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
സൈറൻ മുഴക്കി മുന്നറിയിപ്പ് നൽകി, പ്രളയത്തെ നേരിടാനുള്ള സജ്ജീകരണങ്ങളുമായി ജില്ലാഭരണകൂടം.
ജില്ലാ എമർജൻസി കൺട്രോൾ റൂം
ട്രോൾ ഫ്രീ -1077
ഫോൺ - 0468 2322515
മൊബൈൽ - 8078808915
ജില്ലാ ഫയർ കൺട്രോൾ റൂം : 0468 2222001, 9497920089
ഫോറസ്റ്റ് ഡിവിഷൻ കൺട്രോൾ റൂം
റാന്നി : 9188407515
കോന്നി : 9188407513
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |