പത്തനംതിട്ട: ചിറ്റാറിലെ യുവ കർഷകനായ കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി മത്തായിയുടെ ( പൊന്നു -41) മരണത്തിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് അഞ്ച് വർഷമായി നീതിക്കു വേണ്ടി കാത്തിരിക്കുന്ന കുടുംബത്തിന് പുതിയ പ്രതീക്ഷയായി. 2020 ജൂലായ് 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകളോളം വനപാലകരുടെ കസ്റ്റഡിയിലായിരുന്ന മത്തായി ക്രൂരമായ മർദ്ദനമേറ്റ് അവശനായെന്നും തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നുമായിരുന്നു ആക്ഷേപം.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സി.ബി.എെ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മന:പ്പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്യുകയുണ്ടായില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഒാഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി. അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.
നരഹത്യ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിവയുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ വനംവകുപ്പ് അധികൃതർ നടത്തിയതായി കേസിൽ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു.
മത്തായിയുടെ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാൻ പൊലീസ് ഡമ്മി പരീക്ഷണവും നടത്തി. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച് കുടുംബം നടത്തിയ സമരത്തിൽ ഹൈക്കോടതി ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് സി.ബി.ഐ റീ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ആദ്യ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ റീ പോസ്റ്റുമോർട്ടത്തിൽ സി.ബി.ഐ കണ്ടെത്തി.
കുറ്റപത്രത്തിൽ ഗുരുതര പിഴവുകളെന്ന് അഭിഭാഷകൻ
പതിനാറോളം പിഴവുകളാണ് സി.ബി.ഐ കാേടതിയിൽ നൽകിയ കുറ്റപത്രത്തിൽ കണ്ടെത്തിയതെന്ന് മത്തായിയുടെ കുടുംബത്തിനു വേണ്ടി പ്രതിഫലമില്ലാതെ കേസ് വാദിക്കുന്ന അഭിഭാഷകൻ അഡ്വ. ജോണി കെ. ജോർജ് പറഞ്ഞു. വനപാലകരെ രക്ഷപെടുത്താനുള്ള ആസൂത്രണം അന്വേഷണത്തിലുണ്ടായി. കസ്റ്റഡി മരണം ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. മത്തായിയുടെ വീട് കാണിച്ചു കൊടുത്തയാളെയും വനംവകുപ്പിന്റെ ഒരു ഡ്രൈവറെയും കേസിൽ നിന്ന് ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ഭരണ സംവിധാനം ഉപയോഗിച്ചു നടന്ന ക്രൂരമായ കൊലപാതകമാണിത്. കേസ് നടത്തിപ്പിന് ഇതുവരെ തനിക്ക് ലക്ഷങ്ങൾ ചെലവായി. മത്തായിയുടെ നിർദ്ധനരായ കുടുംബത്തിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ജോണി കെ. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |