തിരുവല്ല : മേയ് മാസത്തിൽ അപ്രതീക്ഷിതമായെത്തിയ കാലവർഷത്തിൽ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് വൻ കൃഷിനാശമുണ്ടായി. പെരിങ്ങര, നിരണം,കുറ്റൂർ, നെടുമ്പ്രം,കടപ്ര എന്നീ പഞ്ചായത്തുകളിലും തിരുവല്ല കൃഷിഭവന്റെ പരിധിയിലുമായി 3.16 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഏപ്രിൽ ഒന്നുമുതൽ കഴിഞ്ഞ ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് ആകെ 117.63 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴ, മരച്ചീനി എന്നിവയ്ക്കാണ് പ്രധാനമായും നാശം സംഭവിച്ചിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കാറ്റിലും മഴയിലും ഏത്തവാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.
കുലച്ച 18,850മൂട് ഏത്തവാഴയും കുലയ്ക്കാൻ പാകമായ 12,450 മൂട് വാഴയും നശിച്ചു. 1.62 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തിൽ ഉണ്ടായത്. കുലച്ച 46 മൂട് തെങ്ങും തടിവിരിഞ്ഞ 25 മൂട് തെങ്ങും വെളളപ്പൊക്കത്തിൽ നശിച്ചു.
വേനൽമഴയിൽ 96.8ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. 1.45 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാലവർഷ ആരംഭത്തിൽ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മേഖലയിലെ വാഴ, മരച്ചീനി എന്നീ വിളകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ വെള്ളപ്പൊക്കത്തിൽ പാകമായതും ഓഗസ്റ്റിൽ വിളവെടുപ്പിന് പ്രായമാകുന്നതുമായ വാഴകളാണ് നശിച്ചിരിക്കുന്നത്. മേഖലയിലെ ഭൂരിഭാഗം കൃഷിയിടങ്ങളിൽ നിന്ന് ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മൂലം വേരുകൾ ചീഞ്ഞ് വാഴകൾ കൂട്ടത്തോടെ നിലം പതിക്കുകയാണ്. കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നത് മൂലം വിളവെത്തിയ വാഴക്കുലകൾ പോലും വെട്ടിയെടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
വിവിധ കൃഷി ഭവൻ പരിധിയിലെ നാശനഷ്ടം തുകയിൽ
തിരുവല്ല : 88.57 ലക്ഷം
പെരിങ്ങര : 73.80 ലക്ഷം
നെടുമ്പ്രം : 69.52 ലക്ഷം
നിരണം : 32.25 ലക്ഷം
കടപ്ര : 26.44 ലക്ഷം
കുറ്റൂർ : 25.65 ലക്ഷം
പാട്ടക്കൃഷിയും പൊലിഞ്ഞു
കടപ്ര പഞ്ചായത്തിലെ പരുമലയിൽ പന്ത്രണ്ടേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷിചെയ്ത മുൻ ഗ്രാമപഞ്ചായത്തംഗവും കർഷകനുമായ ഷിബു വർഗീസിന് കനത്തനഷ്ടമാണ് ഉണ്ടായത്. 7,000 മൂട് വാഴ നട്ടതിൽ കാറ്റിലും വെള്ളപ്പൊക്കത്തിലും പകുതിയിലേറെ വിളവെത്തിയ 4,800 മൂട് നശിച്ചു. കടപ്ര പഞ്ചായത്തിലെ വരമ്പിനകത്ത് മാലിഭാഗത്ത് എട്ടേക്കർ പാട്ടഭൂമിയിൽ പി.ഒ.മാത്യു, ജേക്കബ്, റോസമ്മ എന്നിവർ ചേർന്ന് കൃഷിചെയ്ത മൂവായിരത്തോളം ഏത്തവാഴകളിൽ 1,800 മൂടുകൾ നശിച്ചു. തിരുമൂലപുരം വാളൻപറമ്പിൽ വിപിൻ വി.ജോസഫിന്റെ 500 മൂട് വാഴകൾ നിലംപതിച്ചു. വെള്ളംകയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ സംഭവിക്കുന്ന കൃഷിനാശങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാകില്ലെന്ന നിലപാടാണ് കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ജലലഭ്യത ഇല്ലാത്ത പ്രദേശങ്ങളിൽ എങ്ങനെ കൃഷി നടത്തുമെന്നും കർഷകർ പരാതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |