മണക്കാല : മണക്കാല വായനശാല ജംഗ്‌ഷനിലെ 'ദേ കട' വെറുമൊരു കടയല്ല. ഇവിടെ കച്ചവടത്തിനും മീതേയായി എഴുത്തിനും വായനയ്ക്ക് സ്ഥാനമുണ്ട്. കടയുടമ സോളമൻ ജോസഫ് കഥാകൃത്താണ്. ചെറുപ്പം മുതൽ വായനയും എഴുത്തുമൊക്കെ ജീവിത ശൈലിയാക്കിയയാൾ. 159 ചെറുകഥകൾ എഴുതി പ്രസിദ്ധീകരിച്ചു. മുമ്പും എഴുത്തിനോടും വായനയോടും താത്പര്യം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് കാലമാണ് സോളമനെ എഴുത്തുകാരനാക്കിയത്. മണക്കാല വായനശാല ജംഗ്‌ഷനിലെ കരയോഗ കെട്ടിടത്തിൽ ഗ്രാമോദ്ധാരണ വായനശാല പ്രവർത്തിച്ച മുറിയിൽ 2023ൽ തുടങ്ങിയ കട വായനയുടെ വലിയ ലോകമായിരിക്കുന്നു. പുസ്തകപ്രപഞ്ചമായി നിലകൊണ്ട ഈ മുറിയിൽ നിലനിന്നിരുന്ന സർഗാത്മകത കച്ചവടത്തിരക്കുകൾക്കിടയിലും വായനയ്ക്കും എഴുത്തിനും തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്ന് സോളമൻ പറഞ്ഞു. പത്മരാജൻ തിരക്കഥകളുടെയും സിനിമകളുടെയും കടുത്ത ആരാധകൻ കൂടിയാണ് സോളമൻ.
2022ൽ തൃശൂർ പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച '101 എഴുത്തുകാർ, 101 കഥകൾ' എന്ന കഥാസമാഹാരത്തിൽ 81-ാമത്തെ 'കഥയായ മഞ്ഞുമനുഷ്യൻ' സോളമന്റെ രചനയാണ്. സോളമൻ എഴുതിയ 159 ചെറുകഥകളിൽ 21 കഥകൾ 'ഊഷ്മാവ്' എന്ന ലൈവ് ബുക്ക്സ് പുറത്തിറക്കിയ കഥ സമാഹാരത്തിലും 29 കഥകൾ 'വർണാഭം' എന്ന പേരിൽ ഗ്രാമീണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ സമാഹാരത്തിലുമുണ്ട്. പത്രങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും നിരവധി കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അടൂരിൽ ജോസ് എൻജിനിയറിംഗ് വർക്സ് നടത്തിയിരുന്ന കണ്ണങ്കോട് പട്ടുകുന്ന് ജോസഫ് - ജസ്റ്റീന ദമ്പതികളുടെ മകനാണ് അവിവാഹിതനായ സോളമൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |