റാന്നി : മലയോര ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള റാന്നിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് അസൗകര്യങ്ങൾ മാത്രം. മഴക്കാലത്ത് സജീവമാകുന്ന പെരുന്തേനരുവി, പനംകുടന്ത അരുവി, മാടത്തരുവി തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കാണാൻ ധാരാളം സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ ഒരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. ശൗചാലയങ്ങളുടെ അഭാവമാണ് സന്ദർശകർ നേരിടുന്ന വലിയ ബുദ്ധിമുട്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ലാത്തത് പരാതികൾക്ക് ഇടയാക്കുന്നുണ്ട്.
ടൂറിസം മാപ്പിൽ ഇടംപിടിച്ച മണിയാർ ഡാമിനോട് ചേർന്നുള്ള പ്രദേശങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. ഡാമിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നവർക്ക് സൗകര്യങ്ങൾ ലഭ്യമല്ലാത്തത് നിരാശയുണ്ടാക്കുന്നു. റാന്നിയിലെ തകർന്ന പാലവും അതിനോട് ചേർന്നുള്ള പ്രദേശവും ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ സാദ്ധ്യതയുള്ള മറ്റൊരിടമാണ്. ഉപേക്ഷിക്കപ്പെട്ട പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
"കുട്ടികളുമായി വരുമ്പോൾ ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഒരിടമായിട്ടും, അധികാരികൾ വേണ്ടത്ര ശ്രദ്ധ നൽകാത്തത് സങ്കടകരമാണ്.
ആതിര മേനോൻ, വിനോദ സഞ്ചാരി
വേണം വികസനപദ്ധതികൾ
റാന്നിയുടെ വിനോദസഞ്ചാര സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിയുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. ശൗചാലയങ്ങൾ, ഇരുപ്പിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കുന്നത് സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |