പത്തനംതിട്ട : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ ഇത്തവണയും ആചാര അനുഷ്ഠാനങ്ങൾ മാത്രമായി നടത്തും. മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പള്ളിയോടസേവാ സംഘം പ്രതിനിധികൾ എന്നിവരുടെ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുൻപായി കൊവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.
തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന മൂന്ന് മേഖലകളിൽ നിന്നുള്ള ഓരോ പള്ളിയോടങ്ങളിലെയും 40പേരെ ഉൾപ്പെടുത്തി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരും. തുഴക്കാർ കരയിൽ ഇറങ്ങാൻ അനുമതിയില്ല.
ഉത്രട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയിൽ മൂന്ന് പള്ളിയോടങ്ങളെ ഉൾക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനമില്ല. വള്ളസദ്യ പരിമിതമായ ചടങ്ങുകളോടെ നടത്താം. ആ ദിവസങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, തിരുവല്ല ആർ.ഡി.ഒ ബി.രാധാകൃഷ്ണൻ, അടൂർ ആർ.ഡി.ഒ എ. തുളസീധരൻപിള്ള, ഡി.എം ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, ഡി.എം.ഒ ഡോ.എ.എൽ. ഷീജ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഡി.ഡി.പി കെ.ആർ. സുമേഷ്,കോഴഞ്ചേരി തഹസീൽദാർ കെ.ഓമനക്കുട്ടൻ, ആറന്മുള, മല്ലപ്പുഴശേരി,തോട്ടപ്പുഴശേരി,കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർ, ആറന്മുള പള്ളിയോടസേവാസംഘം സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, പള്ളിയോടസേവാസംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന്
പള്ളിയോട സേവാസംഘം ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനാൽ തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |