റാന്നി :ദുരിതാശ്വാസ പ്രവർത്തനത്തിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി റാന്നിയിൽ സർവകക്ഷിയോഗം ചേർന്നു. കനത്ത മഴ പ്രവചിച്ച സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഡാമുകൾ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള മേഖലകളിൽനിന്ന് ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്നും യോഗം നിർദ്ദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യുവജന സംഘടനയുടെ വോളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് .ഗോപി ,തഹസിൽദാർ നവീൻ ബാബു, ഡിവൈ.എസ്.പി മാത്യു ജോർജ് , പി. ആർ. പ്രസാദ്, എം .വി. വിദ്യാധരൻ , ആലിച്ചൻ ആറൊന്നിൽ , രാജു മരുതിക്കൽ , എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, സജീർ പേഴുമ്പാറ, കെ .വി .കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |