SignIn
Kerala Kaumudi Online
Saturday, 27 April 2024 3.52 AM IST

പ്രഭചൊരിഞ്ഞ് പൊന്നമ്പലമേട്, മല നിറഞ്ഞു, മനസ് തെളിഞ്ഞു

thiru
തി​രുവാഭരണങ്ങൾ അടങ്ങി​യ പേടകം പതി​നെട്ടാംപടി​ കയറി​ കൊടി​മരചുവട്ടി​ൽ എത്തി​യപ്പോൾ

ശബരിമല : നിയന്ത്രണങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ഒന്നരലക്ഷത്തോളം തീർത്ഥാടകർ ശബരിമലയിലും മറ്റിടങ്ങളിലുമായി മകരജ്യോതി ദർശിച്ചു. എഴുപതിനായിരം പേർക്ക് ശബരിമലയിൽ ദർശനം അനുവദിച്ചിരുന്നെങ്കിലും ഒരുലക്ഷത്തിലധികംപേർ ക്ഷേത്രപരിസരത്തെ വിവിധ ഇടങ്ങളിൽ ജ്യോതിദർശിക്കാനുണ്ടായിരുന്നു.

രണ്ട് ദിവസമായി തീർത്ഥാടകർ വിവിധ ഇടങ്ങളിൽ ഇടംപിടിച്ച് ജ്യോതി ദർശനത്തിനായി കാത്തുകഴിയുകയായിരുന്നു. ആരെയും മടക്കി അയയ്ക്കാൻ പൊലീസ് കടുത്തന‌ടപടി സ്വീകരിക്കാതിരുന്നതും തീർത്ഥാടകർക്ക് അനുഗ്രഹമായി. വെർച്വൽക്യൂവിൽ വരും ദിവസങ്ങളിലേക്ക് സ്ളോട്ടെടുത്തവർക്ക് ദർശനത്തിന് അനുമതി നൽകിയതിനൊപ്പം ഇന്നലെ നിലയ്ക്കലിൽ എത്തിയ മുഴുവൻ ഭക്തരെയും സ്പോട്ട് രജിസ്ട്രേഷനിലൂടെ സന്നിധാനത്തേക്ക് കടത്തിവിട്ടു. ഇതോടെയാണ് പ്രതീക്ഷയിലും കവിഞ്ഞ തീർത്ഥാടക തിരക്ക് അനുഭവപ്പെട്ടത്. കുറ്റമറ്റ ക്രമീകരണങ്ങളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കിയത്. കൂടുതൽ തീർത്ഥാടകർ എത്തിയതോടെ ഇവരെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാവശ്യമായ പൊലീസിന്റെ കുറവ് ഉണ്ടായെങ്കിലും ആർ.എ.എഫ്, എൻ.ഡി. ആർ.എഫ് എന്നീ കേന്ദ്രസേനകളുടെ സഹായവും ലഭിച്ചത് ഗുണകരമായി. എങ്കിലും വിവിധ ഇടങ്ങളിൽ ഭക്തരെ നിയന്ത്രിച്ചുനിറുത്താൻ പൊലീസിനും കേന്ദ്രസേനയ്ക്കും നന്നേ കഷ്ടപ്പെടേണ്ടിവന്നു. മകരജ്യോതി ദർശിച്ചശേഷം തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനായി താഴേതിരുമുറ്റത്തേക്ക് എത്തിയവരെ ബാരിക്കേടുകൾ കെട്ടിത്തിരിച്ചാണ് നിയന്ത്രിച്ചത്.

തിരുവാഭരണ ഘോഷയാത്ര വലിയനടപന്തലിൽ എത്തിയതോടെ ശരണം വിളികൾ ഉച്ചസ്ഥായിയിലായി. ഇന്നലെ വൈകിട്ട് 6.35ഒാടെ തിരുവാഭരണങ്ങൾ അടങ്ങിയ പ്രധാനപേടകം പതിനെട്ടാംപടികയറി. ശ്രീകോവിലിൽ ഏറ്റുവാങ്ങി നടയടച്ചതുമുതൽ ആയിരങ്ങളുടെ മനസ്സും കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക് ലക്ഷ്യമിട്ടു. 6.46ന് തിരുവാഭരണങ്ങൾ ചാർത്തി ശ്രീകോവിൽ ന‌ടതുറന്നു. ക്ഷേത്രത്തിലെ വലിയമണികൾ മുഴങ്ങിയതോടെ ശരണാരവം വീണ്ടുമുയർന്നു. കാത്തിരിപ്പിനൊടുവിൽ 6.49ന് മകരദീപം പൊന്നമ്പലമേടിന്റെ നെറുകയിൽ ജ്വലിച്ചുയർന്നു. ഇതോടെ സന്നിധാനവും പരിസരവും ഭക്തിയുടെ കൊടുമുടിയേറി. ഒരോമിനിട്ട് ഇടവിട്ട് മൂന്ന് തവണ ജ്യോതികൾ തെളിഞ്ഞതോടെ സന്നിധാനം ഭക്തിലഹരിയിൽ ആറാടി.

ഭക്തി​നി​ർഭരമായ വരവേൽപ്പ്

ശബരിമല : പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷപൂർവ്വം കൊണ്ടുവന്ന തിരുവാഭരണ പേടകങ്ങൾക്ക് ശബരിമലയിൽ ഭക്തിനിർഭരമായ വരവേൽപ്പ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വലിയാനവട്ടത്ത് എത്തിയ ഘോഷയാത്രയെ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെ നിന്ന് ചെറിയാനവട്ടം വഴി പമ്പയിൽ പ്രവേശിക്കാതെ പരമ്പരാഗത തിരുവാഭരണപാതവഴി നീലിമലയുടെ നെറുകയിലെത്തി. അവിടെയും ശബരീപീഠത്തിലും മരക്കൂട്ടത്തും വിശ്രമിച്ചശേഷം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തി. ഇൗസമയം തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതിയും പൂജിച്ച മാലയും അണിയിച്ചു യാത്രയാക്കി. ദേവസ്വം അസി. എക്സിക്യൂട്ടീവ് ഒാഫീസർ ഗണേശരൻപോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ സുനിൽകുമാർ, അസി.പൊലീസ് ഒാഫീസർ സുരേഷ്, ദേവസ്വം ബോർഡ് അസി.എൻജിനിയർ കെ.സുനിൽ കുമാർ, പി.ആർ.ഒ സുനിൽ അരിമാന്നൂർ തുടങ്ങി 27 അംഗസംഘം ചേർന്ന് നീലിമലയിൽ ആചാരപരമായ വരവേൽപ്പ് നൽകി. തുടർന്ന് വാദ്യമേളങ്ങൾ, കർപ്പൂരാഴി, കൊടി, കുട തുടങ്ങിയവയുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് സ്വീകരിച്ചാനയിച്ചു. വലിയ നടപ്പന്തലിൽ എത്തിയപ്പോൾ കതിനകൾ മുഴക്കി സ്വീകരിച്ചു. പ്രധാന പേടകം പതിനെട്ടംപടി ചവിട്ടി കയറിയപ്പോൾ മറ്റുരണ്ട് പേടകങ്ങൾ മാളികപ്പുറത്തേക്ക്പോയി. കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, മെമ്പർമാരായ പി.എം.തങ്കപ്പൻ, മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ശബരിമല എക്സിക്യൂട്ടീവ് ഒാഫീസർ കൃഷ്ണകുമാരവാര്യർ, ശബരിമല പൊലീസ് എസ്.ഒ.കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. തുടർന്ന് പേടകം ശ്രീകോവിലിലേക്ക് കൈമാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.