പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തെ വർണാഭമാക്കി ജില്ലാ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ പരേഡുംസാംസ്കാരിക പരിപാടികളും നടന്നു. മന്ത്രി വീണാജോർജ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ പതാക ഉയർത്തി വന്ദിച്ചു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസിന്റെ ഡിഎച്ച്ക്യു, ലോക്കൽ, വനിതാ പോലീസ് എന്നീ വിഭാഗങ്ങളിൽ നിന്ന് ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉൾപ്പടെ ആറ് പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. എൻ.സി.സി, എസ് പി സി, ബാൻഡ് വിഭാഗം, ഗൈഡ്സ്, റെഡ്ക്രോസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് വിഭാഗം എന്നിവരും പരേഡിൽ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ സാംസ്കാരിക പരിപാടികൾ നടത്തി.
പരേഡിൽ സായുധസേനാ വിഭാഗത്തിൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് പൊലീസ് ഒന്നാം സ്ഥാനവും വനിതാ പൊലീസ് രണ്ടാം സ്ഥാനവും നേടി. ആയുധമില്ലാത്ത സേനാവിഭാഗത്തിൽ ഫോറസ്റ്റ് ഒന്നാം സ്ഥാനവും ഫയർ ഫോഴ്സ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ കാതോലിക്കേറ്റ് എച്ച്.എസ് ഒന്നാം സ്ഥാനവും, പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിൽ തോട്ടക്കോണം ജി എച്ച് എസ് എസ് സ്കൂൾ ഒന്നാം സ്ഥാനവും ഐരവൺ പി.എസ് വി.പി എച്ച്.എസ് എസ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിൽ കൂടൽ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. തെങ്ങമം ജി .എച്ച് .എസ് .എസ്, കടമ്പനാട് വിവേകാനന്ദ എച്ച്.എസ് ഫോർ ഗേൾസ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. ഗൈഡ്സ് വിഭാഗത്തിൽ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. റെഡ്ക്രോസ് വിഭാഗത്തിൽ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. സിവിൽ ഡിഫൻസ് വിഭാഗത്തിൽ പത്തനംതിട്ട സിവിൽ ഡിഫൻസ് ഒന്നാം സ്ഥാനം നേടി.
ബാന്റ് വിഭാഗത്തിൽ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. നിരണം സെന്റ് മേരീസ് എച്ച്.എസ്.എസ്, മല്ലപ്പള്ളി സെന്റ് ഫിലോമിന യുപി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. പതാകദിനം എവർറോളിംഗ് ട്രോഫി അടൂർ കേന്ദ്രീയ വിദ്യാലയം, എൻ. സി .സി പതിനാലാം ബറ്റാലിയൻ എന്നിവർ സ്വന്തമാക്കി. ഡിസ്പ്ലേ വിഭാഗത്തിൽ അടൂർ സെന്റ് മേരീസ് എം.എം.ജി എച്ച്.എസ്, പത്തനംതിട്ട മാർത്തോമ എച്ച്.എസ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ദേശീയ പതാക ഉയർത്തിയതിൽ പിഴവ്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി വീണാജോർജ് പതാക ഉയർത്തുന്നതിനിടെ പിഴവ് സംഭവിച്ചു. പാതി ഉയർന്ന ദേശീയ പതാക, കെട്ടിയ കയറിൽ കുടുങ്ങി. പതാക മുകളിലെത്തി നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ താഴെയിറക്കി. ഇതിനിടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയിരുന്നു. പതാക കെട്ടിയതിലെ അപാകത പരിഹരിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥരാണ് വീണ്ടും പതാക ഉയർത്തിയത്. തുടർന്ന് മന്ത്രിയും കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |