തിരുവനന്തപുരം: നൈജീരിയൻ പൗരനായ എറിക് കിച്ചു ഡ്യൂക്ക് തൊപ്പിയണിഞ്ഞ് കൂട്ടുകാർക്കൊപ്പം ഒന്നാംക്ളാസിലിരുന്നു. ഭിന്നശേഷിക്കാരനായ എറിക്കിന് കേരളത്തിലെ സ്കൂൾ സ്വർഗതുല്യമായിരിക്കുമെന്ന് അറിഞ്ഞതോടെയാണ് അച്ഛൻ ഡ്യൂക്ക് റോമിയോയും അമ്മ റൂത്ത് ഇക്കിസോവിയും മകനെ പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തത്. ഒരു വയസുള്ളപ്പോഴാണ് എറിക് അമ്മയുടെ നാടായ നൈജീരിയയിൽ നിന്ന് അച്ഛന്റെ നാടായ തിരുവനന്തപുരത്തെത്തിയത്. ഭിന്നശേഷിക്കുട്ടികളുടെ മാനസിക വികാസത്തിന് നൈജീരിയയിൽ പിന്തുണ ലഭിക്കില്ല എന്നതാണ് അവരെ കേരളത്തിലേക്കെത്തിക്കാൻ കാരണം. ഇവിടെ തങ്ങളുടെ മകന് സാധാരണകുട്ടികൾക്കൊപ്പം ഒരേ ക്ളാസ് മുറിയിലിരുന്ന് പഠിക്കാനാകുമെന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നു.
കേശവദാസപുരം പാറോട്ടുകോണം പുഷ്പഗിരിയിൽ ഡ്യൂക്ക് റോമിയോ നൈജീരിയയിൽ എൻജിനിയറാണ്. ഭാര്യ റൂത്ത് നൈജീരിയ സ്വദേശിയും. മൂത്തമകൻ എറിക് ജനിച്ചത് നൈജീരിയയിൽ ആയതിനാൽ അവന് നൈജീരിയൻ പൗരത്വമാണ്. അഞ്ചുവർഷമായി അമ്മയ്ക്കും അച്ഛനുമൊപ്പം എറിക് തിരുവനന്തപുരത്തുണ്ട്. കേരളത്തിൽ ജനിച്ച ഇരട്ടസഹോദരങ്ങളായ ഇവാനും റയാനും ഇന്ത്യൻ പൗരത്വമാണ്. മാതാപിതാക്കൾ എറിക്കിനെ ഭിന്നശേഷി പരിചരണത്തിന് പല സ്ഥാപനങ്ങളിലും അയച്ചിരുന്നു. ഡ്യൂക്കിന്റെ സുഹൃത്തുക്കളിൽ നിന്നാണ് മകന് പട്ടം സ്കൂളിൽ മതിയായ പരിചരണം ലഭിക്കുമെന്നറിഞ്ഞത്.
സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന കരുതലും പരിചരണവുമെല്ലാം എറിക്കിന് ഈ സ്കൂളിൽനിന്ന് ലഭിക്കും. യോഗ, വ്യായാമം, കളികൾ എല്ലാമുണ്ട്. ഏഴാംക്ളാസ് പൂർത്തിയാക്കുമ്പോഴേക്കും അവന്റെ ബുദ്ധിവികാസത്തിൽ വലിയ പുരോഗതി ഉറപ്പാണ്.
-ഡോ. കെ.ലൈലാസ്
പ്രിൻസിപ്പൽ,
പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |