SignIn
Kerala Kaumudi Online
Monday, 01 July 2024 1.43 AM IST

വിതുര താവയ്ക്കൽക്കടവെന്ന അപകടമുനമ്പ്

thavaykkal

വിതുര: വാമനപുരം നദിയിൽ വിതുര താവയ്ക്കൽ കടവിൽ അപകടമരണങ്ങൾ പതിവാകുന്നു. അനവധി മരണങ്ങൾ നടന്നിട്ടും സുരക്ഷാനടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം പൊൻമുടി സന്ദർശിക്കാനെത്തിയ കല്ലറ താളിക്കുഴി സ്വദേശിയായ യുവാവ് കുളിക്കുന്നതിനിടയിൽ കയത്തിൽ മുങ്ങിമരിച്ചു. കഴിഞ്ഞ വർഷവും ഒരാൾ കുളിക്കുന്നതിനിടെ ഇവിടെ മുങ്ങി മരിച്ചിരുന്നു. നിരവധി അപകടമരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. പത്ത് വർഷത്തിനിടെ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്. പുറത്തുനിന്നെത്തുന്ന യുവാക്കളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. നദിയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴ്ന്ന അനവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിതുര മേഖലയിൽ താവയ്ക്കൽ മുതൽ കല്ലാർ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്.

ടൂറിസ്റ്റുകളുടെ പറുദീസ

ടൂറിസം വികസനത്തിന് അനന്തസാദ്ധ്യതകളേറെയുള്ള മേഖലയാണിവിടം. താവയ്ക്കലിലെ അതിമനോഹരമായ വെള്ളച്ചാട്ടം കാണാനും പ്രകൃതിരമണീയത ആസ്വദിക്കുന്നതിനുമായി ധാരാളം പേർ ഇവിടെയെത്തുന്നു. വിനോദസഞ്ചാരാർത്ഥം പൊൻമുടിയിലെത്തുന്ന സംഘങ്ങൾ താവയ്ക്കലെത്തി നദിയിൽ കുളിക്കുക പതിവാണ്. ഇവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിച്ചിട്ടില്ല. മഴയായതോടെ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. നദിയിൽ കുളിക്കുന്നവർക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ബലിക്കടവ്

വിതുരയിൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിന് എത്തുന്ന പ്രധാന കടവുകൂടിയാണ് താവയ്ക്കൽ. സ്ത്രീകളടക്കം ആയിരങ്ങളാണ് ഇവിടെ പിതൃതർപ്പണത്തിനായി എത്തുന്നത്. ഓരോ വർഷം കഴിയുന്തോറും ബലിയിടാനെത്തുന്നവരുടെ തിരക്കേറുന്നു. ബലിയിടുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.

പാലം കടലാസിൽ

താവയ്ക്കലിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയാകുന്നു. ആറ്റിനക്കരെ അനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാലമില്ലാത്തതിനാൽ നദി മുറിച്ചുകടന്നാണ് ഇവർ അക്കരെയെത്തുന്നത്. മഴയായാൽ നദിയിൽ ജലനിരപ്പ് ഉയരും. ഇതോടെ ആറ്റിനക്കരെ താമസിക്കുന്നവർ പുറംലോകവുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടും. മാത്രമല്ല മഴക്കാലത്ത് നദി മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥികളടക്കം അനവധി പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. പാലം നിർമ്മിക്കുമെന്ന വാഗ്‌ദാനവും ജലരേഖയായി മാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.