കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ സി.എസ്.ഐ ചർച്ച് മുതൽ തോളൂർ വരെയുള്ള പ്രധാന റോഡിലും ഇടറോഡുകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി.അതിനാൽ രാത്രികാലങ്ങളിൽ മരുതിക്കുന്ന് സി.എസ്.ഐ ചർച്ചിനും മുസ്ലിം പള്ളിക്ക് സമീപവും, മുല്ലനല്ലൂർ കുറവൻ വളവിലും ടോയ്‌ലെറ്റ് മാലിന്യവും, അറവുമാലിന്യവും മറ്റും തള്ളുന്നത് പതിവാണ്. ഇതുമൂലം തെരുവ് നായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണ്.
തെരുവുനായ്ക്കൾ കുറുകെ ചാടി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും കാൽനടയാത്രികർക്ക് നായ്ക്കളുടെ കടിയേൽക്കുന്നതും പതിവാണ്. കുടവൂരിൽ കഴിഞ്ഞ ദിവസം കാട്ടുപന്നികൾ മരച്ചീനി കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽ കുമാറിനും തെരുവുനായയുടെ കടിയേറ്റു. തുടർന്ന് മണമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി മുഴുവൻ തെരുവ് വിളക്കുകളും തെളിക്കണമെന്നും ആവശ്യപ്പെട്ട് മരുതിക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ഷിഹാബുദ്ദീൻ, സെക്രട്ടറി ഗോപിനാഥക്കുറുപ്പ്, ഖജാൻജി മുല്ലനല്ലൂർ ശിവദാസൻ, വൈസ് പ്രസിഡന്റ് അലിയാരുകുഞ്ഞ് എന്നിവർ ചേർന്ന് പഞ്ചായത്തിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |