വെളളറട: മലയോരമേഖലയിലെ റബർ കർഷകർ കടുത്ത ദുരിതത്തിൽ. ടാപ്പിംഗ് തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും ശക്തമായ മഴകാരണം മാസങ്ങളായി റബർ ടാപ്പിംഗ് പലയിടങ്ങളിലും തുടങ്ങിയിട്ടില്ല.
മഴ തോരാതെ പെയ്യുന്ന ഈ സീസണിൽ കുറച്ച് ടാപ്പിംഗ് മാത്രമേ നടക്കാൻ സാദ്ധ്യതയുള്ളൂ. ടാപ്പിംഗ് ശക്തമായ വേനലിൽ നിറുത്തി രണ്ടുമാസം കഴിയുമ്പോൾ തുടങ്ങേണ്ടതായിരുന്നു. എന്നാൽ ജൂലായ് ആയിട്ടും ടാപ്പിംഗ് തുടങ്ങിയിട്ടില്ല. ഒരുകിലോ റബർ ഷീറ്റിന് കിലോയ്ക്ക് സൂപ്പർ ഗ്രേഡിനുമാത്രം 195മുതൽ 201രൂപവരെ ഇപ്പോൾ വിലയുണ്ട്. ഒട്ടുപാലിനും കിലോക്ക് 125രൂപ വിലയുണ്ട്. മാർക്കറ്റിൽ ഉത്പാദനമില്ലാത്തതുകാരണം റബർ ഷീറ്റും കറയും എത്തുന്നില്ല. കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്.
റബർ ഷീറ്റ് വില-------195മുതൽ 201രൂപവരെ
ഒട്ടുപാലിന്------------125രൂപ
മറ്റുതൊഴിലിലേക്ക്
ഓണത്തിന് സ്ഥിരം ടാപ്പിംഗ് തൊഴിലാളികൾക്ക് ബോണസ് നൽകണം. ടാപ്പിംഗ് നടന്നാലേ കർഷകർക്ക് ആദായം ലഭിക്കുകയുള്ളൂ. ഇപ്പോൾ പാൽ കൂടുതൽ ലഭിക്കേണ്ട സമയമാണ്. ടാപ്പിംഗിനെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന തൊഴിലാളികൾ മറ്റു ജോലികൾ തേടി പോകേണ്ട സ്ഥിതിയാണ്.
ജോലിക്കാരെ കിട്ടാനും പണി
സീസണായാൽ കർഷകന്റെ മരം ടാപ്പിംഗ് നടത്താൻ ജോലിക്കാരെ കിട്ടാനും പണിപ്പെടണം. കച്ചവടക്കാർ രാവിലെ കടതുറന്നിരുന്നാൽ റബർ ഉത്പന്നങ്ങൾ കാര്യമായി എത്താത്തതുകാരണം കടവാടകയും കൈയിൽ നിന്നും നൽകേണ്ട അവസ്ഥയാണ്.
വന്യമൃഗശല്യവും
ചെറുകിട കർഷകരുടെ കാര്യമാണ് ഏറെ ബുദ്ധിമിട്ട്. മലയോരത്ത് മറ്റു കൃഷികൾ വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാതായതോടുകൂടിയാണ് ഭൂരിഭാഗം പേരും റബർ കൃഷിയിലേക്ക് എത്തിയത്.
ഇപ്പോൾ വർഷത്തിൽ 100നും 150നും ഇടയിലുള്ള ടാപ്പിംഗാണ് നടക്കുന്നത്.
ടാപ്പിംഗ് നടക്കുന്നില്ല
റബറിന് ആവശ്യമായ വളവും മറ്റ് പരിചരണവും നടത്തിയിട്ടും കർഷകന് കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഭൂരിഭാഗം ദിവസവും പുലർച്ചെ മഴ പെയ്യുന്നതുകാരണം ടാപ്പിംഗ് നടക്കുന്നില്ല.
മലയോരത്ത് മറ്റുകൃഷികൾ ചെയ്ത് ഉപജീവനം നടത്താനാകാത്ത സാഹചര്യത്തിലാണ് റബർ കൃഷിയെ ആശ്രയിക്കേണ്ടിവന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം മിക്ക ദിവസങ്ങളിലും മഴ പെയ്യുന്നതുകൊണ്ട് റബറിൽ നിന്നു ആദായം ലഭിക്കാത്തതും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.
വിജയൻ, റബർ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |