കല്ലറ: യാത്രക്കാരുടെ നടുവൊടിച്ച് കാരേറ്റ്- പാലോട് റോഡിലൂടെയുള്ള യാത്ര. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പ്രധന റോഡുകൂടിയായ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിലോമീറ്ററോളം ദൂരം വരുന്ന റോഡിനാണ് ഈ ദുർവിധി. ഇന്നലെ കല്ലറ രക്തസാക്ഷി മന്ദിരത്തിന് സമീപം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. റോഡിലെ കുഴികളിൽ നിർമ്മാണം നടത്തിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും ഇളകി വലിയ കുഴികളായി. ഇവിടെ ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്. കൂടാതെ റോഡിനോടു ചേർന്നുള്ള ഓടകളിൽ സ്ലാബ് സ്ഥാപിക്കാത്തതും റോഡിന് ഇരുവശവും എടുത്തിട്ടുള്ള പൈപ്പ് ലൈൻ കുഴികൾ യഥാസമയം മൂടാത്തതും ഗതാഗത തടസത്തിന് കാരണമാകുന്നു.
പൂർത്തിയാകാതെ നിർമ്മാണം
കാരേറ്റ് മുതൽ പാലോട് വരെയുള്ള 21 കിലോമീറ്ററിൽ 15.55 കിലോമീറ്റർ ഭാഗം ആധുനികനിലവാരത്തിൽ നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ൽ 31.7 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയിരുന്നു. കരാറുകാരൻ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രവൃത്തി പൂർത്തിയായില്ല. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ പ്രവൃത്തി അവലോകനയോഗങ്ങളിൽ പദ്ധതി പ്രത്യേകമായി പരിശോധിച്ചു. പ്രതീക്ഷിച്ച പുരോഗതി ഇല്ലാത്തതിനാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. തുടർന്ന് ശേഷിക്കുന്ന പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും നാലാമത്തെ ടെൻഡറിലാണ് ഏക ബിഡ് ലഭിച്ചത്. എന്നാൽ അത് അംഗീകരിച്ചില്ല.
കെ.ആർ.എഫ്.ബി പ്രൊജക്റ്റ് ഡയറക്ടർ വിളിച്ച യോഗത്തിൽ നീക്കം ടെർമിനേറ്റ് ചെയ്യപ്പെട്ട കോൺട്രാക്ടർ പി.ഡബ്ല്യു.ഡി മാനുവൽ അനുശാസിക്കുന്നവിധത്തിൽ ബാക്കിയുള്ള പ്രവൃത്തിയുടെ 30 ശതമാനം തുക കെട്ടിവച്ച് പ്രവൃത്തി പുനരാരംഭിക്കാൻ തയാറാണെന്ന് അറിയിച്ചു. തുടർന്ന് കോൺട്രാക്ടറുടെ ടെർമിനേഷൻ പിൻവലിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനായി പ്രോജക്ട് ഡയറക്ടർ നൽകിയ പ്രൊപ്പോസൽ സർക്കാർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
പ്രത്യേക യോഗത്തിന് നിർദ്ദേശം
കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ റിസ്റ്റോറേഷൻ പ്രവൃത്തിക്കുള്ള തുക കൂടി കിഫ്ബിയിൽനിന്ന് അനുവദിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |