ആറ്റിങ്ങൽ: വികസനങ്ങൾ ഏറെ നടപ്പിലാക്കുന്ന വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ രോഗികൾ വലയുന്നു. അസൗകര്യങ്ങളുടെ നടുവിലായ ഇവിടെ അത്യാഹിത വിഭാഗത്തിലടക്കം ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ട്. ആയിരത്തിലധികം പേരാണ് ദിവസവും ഒ.പി യിൽ ചികിത്സ തേടി എത്തുന്നത്. കുറഞ്ഞത് പത്ത് ശസ്ത്രക്രിയകളെങ്കിലും ഇവിടെ ദിവസവും നടക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ നിരവധി അപകടത്തിൽപ്പെട്ട് എത്തുന്നവർ വേറെ. ഡോക്ടർമാർ അടക്കം 83 താത്കാലിക ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ എട്ട് ഡോക്ടർമാർ വേണമെന്നിരിക്കെ നിലവിൽ രണ്ട് സ്ഥിരം ഡോക്ടർമാരാണുള്ളത്. മൂന്ന് അസിസ്റ്റന്റ് സർജൻമാരെയും എൻ.എച്ച്.എം ഡോക്ടറേയും നിയോഗിച്ചാണ് ഇപ്പോൾ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. വൈകുന്നേരങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തിയാൽ വലഞ്ഞതു തന്നെ. മിക്കപ്പോഴും ഡോക്ടറെ കണ്ട് കഴിയുമ്പോൾ രാത്രി 11 കഴിഞ്ഞിരിക്കും.
ഡോക്ടർമാരും കുറവ്
പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് ഇവിടെയുണ്ടാവുക. ഓർത്തോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ വേണമെങ്കിലും ഒരാൾ മാത്രമാണ് നിലവിലുള്ളത്. ഇ.എൻ.ടി , നേത്രവിഭാഗം, അനസതേഷ്യ, സീനിയർ സർജൻ, ഫിസിഷ്യൻ, ശിശുരോഗ വിഭാഗം എന്നിവയിൽ ഒരാൾ വീതമാണ് ഉള്ളത്. ത്വക്ക് രോഗ വിഭാഗത്തിൽ വർക്കിംഗ് അറേഞ്ചിൽ ആഴ്ചയിൽ ഒരുദിവസം ഡോക്‌ടർ വരും. ഗൈനക്കോളജി വിഭാഗത്തിൽ മാത്രം ഏഴ് നഴ്‌സുമാർ ദിവസവും വേണ്ടിടത്ത് രണ്ട് പേർ മാത്രം. എല്ലാ മേളലയിലും സമാന സ്‌ഥിതിയാണ്. രോഗികളുടെ തിരക്ക് വർദ്ധിക്കും തോറും നിലവിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെ അവസ്ഥയും പരിതാപകരമാണ്.
പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി ദേശീയ പാതയോരത്തെ താലൂക്കാശുപത്രിയായതിനാൽ അടിയന്തരമായി ട്രോമ കെയർ യൂണിറ്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |