രോഗികൾ കൂടിയാൽ ഐരാണിമുട്ടത്ത് ഐസൊലേഷൻ വാർഡ് തുറക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം. രോഗികൾ കൂടിയാൽ ഐരാണിമുട്ടം ഹോമിയോ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുടക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തലസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ പ്രദേശത്ത് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.
വയറിളക്ക രോഗങ്ങളെല്ലാം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് താഴേത്തട്ടിൽ നൽകിയിട്ടുള്ള നിർദ്ദേശം.
മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കും.സ്ഥിരീകരിച്ചാൽ ആന്റിബയോട്ടിക് ചികിത്സ ഉടൻ ആരംഭിക്കണം. ഡോക്‌സിസൈക്ലിനും അസിത്രോമൈസിനും കോളറയ്ക്കെതിരെ ഫലപ്രദമാണ്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ പാനീയ ചികിത്സ തുടങ്ങുന്നതു വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം,കരിക്കിൻവെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് ഗുളിക ഉപയോഗിക്കാം.രോഗലക്ഷണമുള്ളവർ സ്വയംചികിത്സ നടത്താതെ ഉടൻ അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ എത്തണം.
നിലവിൽ ചികിത്സയിലുള്ളത് - 13 പേർ
പ്രധാന ലക്ഷണം
കഞ്ഞി വെള്ളത്തിന്റെ രൂപത്തിൽ വയറിളകി പോകുന്നത്
ഗുരുതരം
കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിലായി മരണം സംഭവിക്കും. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ മലം പരിശോധനയ്ക്ക് അയച്ച് നിർജലീകരണമില്ലെന്ന് ഉറപ്പാക്കണം.
നിർദ്ദേശങ്ങൾ
ഭക്ഷണം തുറന്നുവയ്ക്കരുത്, നന്നായി പാകം ചെയ്യണം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ
മത്സ്യം,കക്ക,കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.
പച്ചവെള്ളവും,തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്
ആഹാരം കഴിക്കുന്നതിന് മുൻപും കൈകൾ വൃത്തിയായി കഴുകണം.
ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ച് സൂക്ഷിക്കണം.
വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി,ബ്ലീച്ച് ലായനിയിൽ 10 മിനിറ്റ് മുക്കി വച്ചശേഷം മാത്രം ആഴത്തിൽ കുഴിച്ചിടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |