ബാലരാമപുരം: കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച മകൻ അഭിജിത്ത് കെ.എസിന്റെ ഓർമ്മകളുമായി പയറ്റുവിള മന്നം നഗർ കൽഹാരത്തിൽ കോട്ടുകാൽ കൃഷ്ണകുമാറും ഭാര്യ സജിതാറാണിയും. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് 2015ലാണ് ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിജിത്ത് ഈ രോഗം ബാധിച്ച് മരിച്ചത്. മരണശേഷം പൂനെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂരും ആലത്തൂരും പോയി മടങ്ങിയെത്തിയ അഭിജിത്തിന് യാത്രയ്ക്ക് ശേഷം നാലാംദിവസം പനി ബാധിച്ചു. തുടർന്ന് അപസ്‌മാര ബാധയുമുണ്ടായി. ഇതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രോഗം മൂർച്ഛിച്ചത്തോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. പല പരിശോധനകൾ നടത്തിയെങ്കിലും രോഗം കണ്ടെത്താനായില്ല. ഇതിനിടെ ആരോഗ്യനില വഷളാവുകയും അഭിജിത് മരിക്കുകയുമായിരുന്നു. തലച്ചോറിൽ നിന്ന് ശേഖരിച്ച സ്രവം പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് ഏഴ് ദിവസത്തിനുശേഷം ലഭിച്ച ഫലത്തിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
അഭിജിത്തിന്റെ സ്‌മരണാർത്ഥം ചാരിറ്റിപ്രവർത്തനങ്ങൾക്കായി ബിസിനസുകാരനായ കൃഷ്‌ണകുമാർ തുടങ്ങിവച്ചതാണ് അഭിജിത്ത് ഫൗണ്ടേഷൻ. സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ചെയർമാനും ജസ്റ്റിസ് ഹരിഹരൻ മുഖ്യ രക്ഷാധികാരിയും കൃഷ്ണകുമാർ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്. മരണാനന്തരം മകന്റ തലച്ചോറിലെ ഭാഗങ്ങൾ ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ദീർഘവീക്ഷണത്തിൽ കൃഷ്ണകുമാർ സമ്മതമറിയിക്കുകയായിരുന്നു. ഇന്ന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണങ്ങളുണ്ടാവുകയും കൂടുതൽപേർ രോഗബാധിതരാവുകയും ചെയ്യുന്നതിൽ ദുഃഖത്തിലാണ് ദമ്പതികൾ, അഭിനന്ദ് .കെ.എസ് ഇവരുടെ മറ്റൊരു മകനാണ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |