കൊടുങ്ങല്ലൂർ : മത്സ്യസമ്പത്തിന് വിനാശം ഉണ്ടാക്കുന്ന പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് സംഘം പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസിന് വടക്ക്പടിഞ്ഞാറ് 10 നോട്ടിക്കൽ ഭാഗത്ത് മത്സ്യബന്ധനം നടത്തി വരവേയാണ് പ്രത്യേക സംയുക്ത പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. എറണാകുളം പള്ളിപ്പുറം സ്വദേശി പുത്തൻപുരയ്ക്കൽ ഡിക്‌സൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്‌സ് എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ബോട്ടിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ.എം.എഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരം കേസെടുത്ത് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിയമനടപടികൾ പൂർത്തിയാക്കി പിഴയിനത്തിൽ 2.5 ലക്ഷം രൂപ ബോട്ട് ഉടമയ്ക്ക് പിഴ ചുമത്തി. ബോട്ടിലെ മത്സ്യം ലേലം ചെയ്ത വകയിൽ ലഭിച്ച 50225 രൂപ ട്രഷറിയിൽ ഒടുക്കി. സംയുക്ത പരിശോധനാ സംഘത്തിൽ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, കോസ്റ്റൽ പൊലീസ് സി.ഐ: എൻ. അനൂപ്, എഫ്.ഇ.ഒ: സുമിത, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, കോസ്റ്റൽ പൊലീസ് എസ്.ഐ: ബിജു ജോസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |