വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാൻ കപ്പൽ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം.എസ്.സി ക്ലോഡ് ഗ്രാർഡെറ്റാണ് തുറമുഖത്തെത്തുന്നത്. കപ്പൽ 13ന് വൈകിട്ടോടെ വിഴിഞ്ഞം ബെർത്തിൽ അടുക്കുമെന്നാണ് സൂചന. 399 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുള്ള കപ്പലിന് 24,116 ടി.ഇ.യു കണ്ടെയ്നർ ശേഷിയുണ്ട്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കപ്പലായ ഇത് ഇന്ത്യയിൽ ആദ്യമായാണ് എത്തുന്നത്. കൊളംബോ തുറമുഖത്തടുക്കുന്ന വലിയ കപ്പലുകളായ എവർഎയ്സ്, എവർ എല്ലോട്ട് തുടങ്ങിയവയേക്കാൾ ഗ്രാർഡെറ്റിന് ശേഷി കൂടുതലാണ്. വിഴിഞ്ഞത്ത് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലുകളാണ് ഇതുവരെ അടുത്തതിൽ ഏറ്റവും വലുതായിരുന്നത്. ഇപ്പോൾ തുറമുഖത്ത് തുടരുന്ന എം.എസ്.സി കെയ്ലിയ്ക്കാണ് ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടുതൽ. ഇതിനേക്കാൾ ഡ്രാഫ്റ്റ് കൂടുതലാണ് ക്ലോഡ് ഗ്രാർഡെറ്റിന്. ക്ലോഡ് ഗ്രാർഡെറ്റിന്റെ ആഴം 16.7 മീറ്ററാണ്. 600 മീറ്റർ പൂർത്തിയായ തുറമുഖ ബെർത്തിലാണ് കപ്പലടുക്കുന്നത്. 200 മീറ്റർ നീളം കൂടിയായാൽ ആദ്യഘട്ടത്തിലെ 800 മീറ്റർ ബെർത്തും പൂർത്തിയാകും. ഇതോടെ ഒരേ സമയം രണ്ട് ഭീമൻ കപ്പലുകൾക്ക് ബെർത്തിലടുക്കാനാകും. ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളിൽ അടുത്തതിൽ എം.എസ്.സി അന്നയായിരുന്നു എറ്റവും വലിപ്പമേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |