അംബാസഡർ ടാക്‌സികാറുകൾ ആഡംബരമായിരുന്ന കാലം മാഞ്ഞു.
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഡ്രൈവർമാരുടെ കൂടെ
നാട്ടിൽ ആരുടെയെങ്കിലും കല്യാണത്തീയതി നിശ്ചയിക്കുമ്പോൾ മുതൽ ഡ്രൈവർമാർ തയ്യാറെടുപ്പ് തുടങ്ങും. ടയറിന്റെ കണ്ടിഷൻ ഉറപ്പാക്കും. എയർ ചെക്ക് ചെയ്ത്,വണ്ടി കഴുകിത്തുടച്ച് കാത്തിരിക്കും. കല്യാണം മുതൽ ദീർഘദൂര ഓട്ടങ്ങൾക്കുവരെ ആളുകൾ അംബാസഡർ ടാക്‌സികളെ ആശ്രയിച്ചിരുന്ന കാലമായിരുന്നു അത്.
വെള്ള അംബാസഡറിലുള്ള യാത്ര അക്കാലത്ത് ആഢംബരമായിരുന്നു. ടാക്‌സി ചീറിപ്പാഞ്ഞ് വരുമ്പോൾ 'റോഡിലെ രാജാവിനെ' കാണാൻ കുട്ടികൾ ഓടിയെത്തും. മുന്തിയ ഇനം വാഹനങ്ങളും ഓൺലൈൻ ടാക്‌സികളും വന്നതോടെ ഒപ്പമെത്താനാവാതെ പരമ്പരാഗത ടാക്‌സികൾ കിതച്ചു. വളയം പിടിച്ച കൈകളിൽ പലതും ഇന്ന് വിശ്രമിക്കുകയാണ്. ഓടാൻ താത്പര്യമില്ലാഞ്ഞിട്ടല്ല. 'പഴയ ഗ്ലാമറൊക്കെ പോയില്ലേ കുഞ്ഞേ,ഇപ്പോൾ ആര് ഓട്ടം വിളിക്കാനാ..'ഡ്രൈവർമാർ ദൈന്യതയുടെ കെട്ടഴിച്ചു....
സ്റ്റാൻഡുകൾ മാഞ്ഞു
ഒട്ടുമിക്ക ജംഗ്ഷനുകളിലും മുമ്പ് ടാക്‌സി സ്റ്റാൻഡുകളുണ്ടായിരുന്നു. നിലവിൽ ജില്ലയിൽ ഓൺലൈൻ അല്ലാതെ 20000ഓളം ടാക്‌സികൾ ഓടുന്നതിൽ വിരലിലെണ്ണാവുന്നത് മാത്രമാണ് അംബാസഡർ ടാക്‌സികൾ. പേട്ട,പാളയം,മെഡിക്കൽകോളേജ് എന്നിവിടങ്ങളിലാണ് നഗരസഭയുടെ അംഗീകൃത സ്റ്റാൻഡുകളുള്ളത്. പ്രായമായവർ ചിലപ്പോൾ ഓട്ടം വിളിക്കും. ഒരു ഓട്ടം പോലും ലഭിക്കാത്ത ആഴ്ചകളുണ്ട്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനായിരുന്നു ഡ്രൈവർമാരുടെ പറുദീസ. സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ ബന്ധുവീടുകളിലേക്കും ഓഫീസുകളിലേക്കും കൊണ്ടുപോയിരുന്ന ടാക്‌സികൾ ഇന്നിവിടെയില്ല. അംബാസഡറുകളുടെ പ്രതാപകാലം കഴിഞ്ഞതോടെ സ്വിഫ്റ്റ് ഡിസയർ,ഹോണ്ട തുടങ്ങിയ കാറുകളിലേക്ക് പലരും മാറി. ചിലർ വാഹനം വിറ്ര് മറ്റ് സംരംഭങ്ങൾ ആരംഭിച്ചു. 40ഓളം ടാക്‌സികളുണ്ടായിരുന്ന പേട്ട-കേരളകൗമുദി ജംഗ്ഷനിൽ ഇപ്പോൾ 10ൽ താഴെ വാഹനങ്ങളാണുള്ളത്. പേട്ട റെയിൽവേസ്റ്റേഷന് സമീപത്ത് ഓട്ടോസ്റ്റാൻഡ് വന്നതോടെ ടാക്‌സി സ്റ്റാൻഡുള്ള കാര്യം യാത്രക്കാർക്ക് അറിയില്ല. സ്റ്റാൻഡിന് മുന്നിൽ സ്വിഫ്റ്റ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഓട്ടം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
യൂബറിനോട് തോറ്റവർ
കിലോമീറ്ററിന് 20 രൂപയാണ് സർക്കാർ ടാക്‌സികൾക്ക് അനുവദിച്ചിട്ടുള്ള ചാർജ്. പണ്ടിത് ആറുരൂപയായിരുന്നു. 500രൂപയ്ക്ക് ഓട്ടം കിട്ടിയാൽ ഡീസലടിക്കുന്നതും വാഹന ഉടമയ്ക്ക് നൽകുന്നതും കിഴിച്ച് 80രൂപയാണ് തങ്ങൾക്ക് കിട്ടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണി,ടാക്സ്,ഇൻഷ്വറൻസ് ഇനത്തിൽ നല്ലൊരു തുക പ്രതിവർഷം ചെലവാകും. കിലോമീറ്രറിന് 12 രൂപ മാത്രം ചാർജ് ചെയ്യുന്ന യൂബർ ടാക്‌സി,യാത്രക്കാരെ ആകർഷിക്കുന്നു. എയർപോർട്ടിലേക്ക് പ്രീപെയ്ഡ് ചാർജ് മുമ്പ് 350 രൂപയായിരുന്നു. ഇപ്പോൾ 550 രൂപയാണ്. ഓൺലൈൻ വാഹനങ്ങൾക്ക് സവാരി പോകുന്ന സ്ഥലത്ത് നിന്ന് തന്നെ വേറെ ഓട്ടം ലഭിക്കും. എന്നാൽ,ടാക്‌സി ഡ്രൈവർമാർ തിരിച്ച് സ്വന്തം പണത്തിന് പെട്രോൾ അടിച്ചുവരണം.
വിശ്രമത്തിനിടമില്ല
അംബാസഡർ അല്ലാത്ത ടാക്‌സി ഡ്രൈവർമാരുടെ അവസ്ഥയും പരിതാപകരമാണ്. ദീർഘദൂര ഓട്ടങ്ങൾക്ക് പോയാൽ വിശ്രമിക്കാൻ സ്ഥലമില്ല. വൃത്തിയുള്ള മുറികളും ടോയ്ലെറ്റും ഹോട്ടലുകളിൽ ലഭിക്കാറില്ല. യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷയ്ക്കായി ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല.
ടാക്‌സ് വർദ്ധന താങ്ങാനാവാതെ സാധാരണക്കാരായ
ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്.
സുരേഷ്‌കുമാർ,അരിസ്റ്റോ ജംഗ്ഷനിലെ ടാക്സി ഡ്രൈവർ
52 വർഷമായി വളയം പിടിക്കുന്നു. 73 വയസുണ്ട്.
വേറെ പണിയൊന്നും ചെയ്യാനറിയില്ല.
വിജയകുമാരൻ,പേട്ടയിലെ ടാക്‌സി ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |