വർക്കല: ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം കുന്നുകൾക്ക് സംരക്ഷണം ഇനിയുമില്ല. ഭാവിതലമുറയ്ക്കുവേണ്ടി നിലനിറുത്തേണ്ട കുന്നുകൾക്ക് വികസനത്തിനൊപ്പം സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളൊന്നും നാളിതുവരെ പ്രാവർത്തികമായിട്ടില്ല. പരിസ്ഥിതി സംരക്ഷണം കേന്ദ്രസർക്കാരിന്റെ പരിധിയിലാണെങ്കിലും കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ചെറുതും വലുതുമായി 9ഓളം ഭാഗത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. ഓരോ തവണയും മണ്ണിടിയുമ്പോൾ ദുരന്തനിവാരണ അതോറിട്ടി ഈ പ്രദേശത്ത് സഞ്ചാരികളുടെ ജീവൻ സംരക്ഷിക്കാനായി താത്കാലിക സംരക്ഷണവേലി സ്ഥാപിക്കുമെന്നല്ലാതെ കുന്ന് സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കുന്നുകളുടെ സൗന്ദര്യം ഇനിയും വരാനിരിക്കുന്ന തലമുറയ്ക്കുകൂടി പകർന്നുനൽകാൻ ഉതകുന്ന തരത്തിൽ കാത്തുസൂക്ഷിക്കണമെന്നാണ് ആവശ്യം.
ചരിത്രത്താളുകളിൽ
ഭൗമശാസ്ത കലണ്ടർ പ്രകാരം മയോസിൻ യുഗത്തിലാണ് ( 28 ദശലക്ഷം വർഷങ്ങൾക്കിപ്പുറം ഏഴ് ദശലക്ഷം വർഷം വരെയുള്ള ജിയോളജിയ കാലഘട്ടം) വർക്കലയിലെയും സമീപ പ്രദേശങ്ങളിലെയും ഭൗമോപരിതലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്. ഈ കാലഘട്ടത്തിൽ രൂപംകൊണ്ട ഊറലുകൾ (സെഡിമെന്റ്സ്) പാപനാശം കടൽത്തീരത്തെ കിഴ്ക്കാംതൂക്കായ കുന്നിൻചരുവുകളിൽ സർവസാധാരണമാണ്. വിവിധയിനം ശിലാപാളികളുടെ അടുക്കുകളായ ഭൂവിഭാഗമാണ് കുന്നുകളുടെ പ്രത്യേകത. ഈ പ്രത്യേകതകൾ ആദ്യമായി ഗവേഷണം ചെയ്തു റിപ്പോർട്ട് തയാറാക്കിയത് 1881ൽ തിരുവിതാംകൂറിലെത്തിയ ഡോ.വില്ല്യംകിംഗ് എന്ന വിദേശിയാണ്. അദ്ദേഹത്തിന്റെ ജനറൽ സ്കെച്ച് ഒഫ് ജിയോളജി ഒഫ് ദി ട്രാവൻകൂർ സ്റ്റേറ്റ് എന്ന പുസ്തകത്തിൽ 15ഓളം പേജുകളിലായി വക്കല ബെഡ്ഡുകളുടെ സവിശേഷതയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിനുമുമ്പ് ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറൽ കല്ലനും ഈ പ്രദേശത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിരുന്നു.
ധാതുസമ്പുഷ്ടം
തെക്ക് ചിലക്കൂർ മുതൽ വടക്ക് ഇടവ വെറ്റക്കട വരെ രക്ഷാകവചം പോലെ പൊതിഞ്ഞു നിൽക്കുകയാണ് പാപനാശം കുന്നുകൾ. ചാരനിറത്തിലുള്ള കളിമണ്ണ് കലർന്ന മണൽക്കല്ല്,കരിഞ്ഞ മരത്തിന്റെ (ലിഗ്നറ്റ് രൂപത്തിലുള്ള) ഭാഗങ്ങൾ നിറഞ്ഞ കാർബൺമയ കളിമണ്ണ്, ഇരുമ്പിന്റെ അംശമുള്ള മണൽക്കല്ല്, ചീനകളിമണ്ണ്, വെട്ടുകല്ലുകൾ പൊടിഞ്ഞുണ്ടായ മണൽക്കല്ല് എന്നിവയാൽ പ്രകൃതി നിർമ്മിതമായ കുന്ന്. കുന്നുകളിലെ കരിനിറഞ്ഞ കളിമണ്ണിനിരുവശവുമുള്ള മണൽക്കല്ലുകളാണ് ഈ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ സ്രോതസ്സുകൾ. ഇതുമൂലം പ്രദേശത്ത് ലഭിക്കുന്ന ജലം അതീവ ധാതുസമ്പുഷ്ടമാണെന്ന് നിരവധി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 1950കളിൽ ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യ ഡ്രില്ലിംഗ് ഉൾപ്പെടെയുള്ള പലവിധ പഠനങ്ങൾ ഇവിടെ നടത്തിയിരുന്നു.
ദുരന്തം, അകലെയല്ല
ഇക്കഴിഞ്ഞ മേയിൽ വേനൽമഴ ശക്തമായപ്പോൾ പാപനാശം കുന്നിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു വീണിരുന്നു. ആലിയിറക്കം ബീച്ച് മുതൽ വെറ്റക്കട വരെയുള്ള കുന്നിൻ മുനമ്പുകളിൽ നിർമ്മിച്ചിട്ടുള്ള ഒട്ടനവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. ഇവിടങ്ങളിൽ നിന്ന് സഞ്ചാരികളെ ഒഴിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. കുന്നുകൾ ഇടിച്ചുള്ള പടിക്കെട്ട് നിർമ്മാണം തടയുന്നതിനും അധികൃതർക്കായിട്ടില്ല. കെട്ടിടങ്ങൾ കുന്നിൻമുകളിൽ നിന്നും നിലംപതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം വളരെ വലുതാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിനുപോലും പറ്റില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |