ചേലക്കര: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കുന്നംകുളം ആർത്താറ്റ് സജീഷിനാണ് കഴുത്തിലും വയറിലും കുത്തേറ്റത്. പ്രതി പരക്കാട് പാലേരി വീട്ടീൽ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പരക്കാട് വെച്ചാണ് സംഭവം. സജീഷിന്റെ സഹോദരിയെ വിവാഹം ചെയ്തയച്ച ചേലക്കര പരക്കാടുള്ള വീട്ടിൽ വന്നതായിരുന്നു സജീഷ്. ഇവരുടെ വീടിനടുത്ത് താമസിക്കുന്ന പ്രതി അജീഷുമായി സജീഷിന് മുൻപരിചയമുണ്ടായിരുന്നു.
കഴിഞ്ഞദിവസം രാവിലെ മുതൽ ഇവർ ഒരുമിച്ചിരുന്നു മദ്യപിച്ചതായി നാട്ടുകാർ പറയുന്നു. വൈകിട്ട് പത്തരയോടെ വർഷങ്ങൾക്ക് മുമ്പ് ബൈക്ക് ഇടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും റോഡിൽ അജീഷ് സജീഷിനെ കുത്തുകയുമായിരുന്നു. ഉടനെ സജീഷിനെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. അജീഷ് ഗൾഫിൽ നിന്നും നാട്ടിലെത്തി അടുത്തുതന്നെ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ചേലക്കര പൊലീസ്, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |