കോവളം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ സീസണിന് മുന്നോടിയായുള്ള ഒരുക്കം തുടങ്ങിയിട്ടും കോവളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർപ്ലാൻ എങ്ങുമെത്താതെ നീളുന്നു.ലോകപ്രശസ്ത ആർക്കിടെക്ടുകളുടെ സേവനം വിനിയോഗിച്ച് കോവളം ബീച്ചിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കാനായിരുന്നു പദ്ധതി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല.
കോവളം ബീച്ചിൽ അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് അടുത്തിടെ 3.67 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് യാതൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. കോവളത്ത് ടൂറിസം വകുപ്പ് ഓഫീസുണ്ടെങ്കിലും ഉണ്ടായിരുന്നയാൾ മാറിപ്പോയ ശേഷം പകരം ഉദ്യോഗസ്ഥൻ എത്തിയതുമില്ല. ഇതോടെ കാര്യങ്ങൾ കുഴഞ്ഞ സ്ഥിതിയാണിപ്പോൾ. ഏതാനും മാസം മുമ്പാണ് വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ പദ്ധതിക്ക് ഫണ്ട് നൽകിയത്.
സൈറ്റ് തയ്യാറാക്കൽ,ലാൻഡ്സ്കേപ്പിംഗ്,നടപ്പാതകൾ സ്ഥാപിക്കൽ,ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ,കെട്ടിടങ്ങളുടെ നവീകരണം,തെരുവ് വിളക്കുകൾ,വിശ്രമമുറികളുടെ നവീകരണം,പാർക്കിംഗ്,മാലിന്യപ്രശ്നം പരിഹരിക്കൽ എന്നിവയുൾപ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചത്. എന്നാൽ വികസനത്തിനുവേണ്ടി കോവളത്ത് കോടികൾ ചെലവാക്കുമ്പോഴും കാര്യമായ മാറ്റമൊന്നും ബീച്ചിലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
മാസ്റ്റർ പ്ലാനിലുണ്ടായിരുന്നത്
കൂടുതൽ സുരക്ഷാ സംവിധാനം
വഴിവിളക്കുകൾ
ടോയ്‌ലെറ്റുകൾ
പാർക്കിംഗ് സൗകര്യം
മാലിന്യപ്രശ്‌നത്തിന് പരിഹാരം
സഞ്ചാരികൾക്ക് ദുരിതം
സഞ്ചാരികൾക്ക് കുളി കഴിഞ്ഞ് വസ്ത്രം മാറുന്നതിനോ കൈകാൽ,മുഖം എന്നിവ കഴുകുന്നതിനുള്ള സൗകര്യമോ ബീച്ചിലില്ല.അത്യാവശ്യം കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്.ബീച്ചിലെ റസ്‌റ്റോറന്റുകളെയാണ് ഇതിനായി ഇപ്പോൾ സഞ്ചാരികൾ ആശ്രയിക്കുന്നത്.സ്ത്രീകളാണ് നന്നേ ബുദ്ധിമുട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |